ധനമന്ത്രിയുടെ എതിര്‍പ്പ് മറികടന്ന് അഡ്വക്കേറ്റ് ജനറലിന് പുതിയ ഇന്നോവ ക്രിസ്റ്റ; തീരുമാനം കാബിനറ്റില്‍

ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്ന് അഡ്വക്കറ്റ് ജനറലിന് പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാന്‍ മന്ത്രിസഭയുടെ അനുമതി. ധനമന്ത്രി എതിര്‍ത്തതിനെ തുടര്‍ന്ന് കാബിനറ്റില്‍ വച്ച് 16 ലക്ഷം രൂപയുടെ പുതിയ കാര്‍ വാങ്ങാന്‍ അനുമതി നല്‍കുകയായിരുന്നു.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് പുതിയ കാര്‍ വാങ്ങുന്നതിന് ധനമന്ത്രി അനുമതി നിഷേധിച്ചത്. ‘കേവലം അഞ്ച് വര്‍ഷം പോലും പൂര്‍ത്തികരിക്കാത്ത 86000 കിലോമീറ്റര്‍ ദൂരം മാത്രം ഓടിയിട്ടുള്ള വാഹനം മാറ്റി പുതിയത് വാങ്ങണം എന്ന ആവശ്യം അംഗികരിക്കാന്‍ കഴിയുന്നതല്ല ‘ എന്നായിരിന്നു ധനവകുപ്പ് അഭിപ്രായപ്പെട്ടത്.

സാമ്പത്തിക പ്രതിസന്ധയുള്ള സാഹചര്യത്തില്‍ വാഹനം വാങ്ങുന്നതിനുള്ള പ്രൊപ്പോസല്‍ ഡെഫര്‍ ചെയ്യണമെന്ന് മെയ് 12ന് ധനമന്ത്രി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് മറികടന്ന് ജൂണ്‍ എട്ടിനു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലെ അജണ്ടയില്‍ ഐറ്റം നമ്പര്‍: 809 ആയി ഉള്‍പ്പെടുത്തി. തുടര്‍ന്ന്, അഡ്വക്കേറ്റ് ജനറലിന് പുതിയ വാഹനം വാങ്ങാന്‍ ക്യാബിനെറ്റ് അനുമതി നല്‍കുകയായിരുന്നു.

1618630 രൂപയാണ് പുതിയ കാറിന്റെ വിലയായി നിയമസെക്രട്ടറിയുടെ ഉത്തരവില്‍ കാണിച്ചിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രിക്ക് 33 ലക്ഷം രൂപ ചെലവില്‍ പുതിയ കറുത്ത കിയ കാര്‍ണിവല്‍ കാര്‍ വാങ്ങുന്നതും ക്ലഫ്ഹൗസിലെ പശുത്തൊഴുത്ത് പുനര്‍നിര്‍മിക്കാന്‍ 42 ലക്ഷം രൂപ അനുവദിച്ചതും വിവാദമായിരുന്നു.