എന്‍എച്ച്എം ആശ പ്രവര്‍ത്തകര്‍ക്കും ശമ്പളം മുടങ്ങില്ല; 55 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍; കേന്ദ്ര വിഹിതം നിഷേധിക്കുന്നുവെന്ന് കേരളം

എന്‍എച്ച്എമ്മിനും ആശ പ്രവര്‍ത്തകര്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ 55 കോടി രൂപ അനുവദിച്ചു. പദ്ധതിയിലെ കേന്ദ്ര വിഹിതം നിഷേധിക്കുന്ന സാഹചര്യത്തില്‍ എന്‍എച്ച്എം ജീവനക്കാരുടെ ശമ്പളം വിതരണം അടക്കമുള്ള കാര്യങ്ങള്‍ക്കായാണ് 45 കോടി രൂപ അനുവദിച്ചത്. ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വിതരണത്തിന് 10 കോടിയും നല്‍കി.

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദേശീയ ആരോഗ്യ ദൗത്യ(എന്‍എച്ച്എം)ത്തിന് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതുമൂലം ജീവനക്കാരുടെ ശമ്പളം അടക്കം മുടങ്ങുന്ന സ്ഥിതിയാണ്. അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി മേഖലകളിലായി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 14,000ല്‍പരം ജീവനക്കാര്‍ സംസ്ഥാനത്ത് എന്‍എച്ച്എമ്മിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. ഇതില്‍ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരുമടക്കം ഉള്‍പ്പെടുന്നു.

ഇതിനുപുറമെ 26,000 ആശ വര്‍ക്കര്‍മാരുമുണ്ട്.
കേന്ദ്ര ഫണ്ടും സംസ്ഥാന വിഹിതവും ഉപയോഗിച്ചാണ് എന്‍എച്ച്എം പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞവര്‍ഷം പദ്ധതിച്ചെലവ് മുഴുവന്‍ സംസ്ഥാനം വഹിക്കേണ്ട സ്ഥിതിയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സഹായത്താലാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. നിലവില്‍ ജീവനക്കാരുടെ ശമ്പളവും ആശ വര്‍ക്കര്‍മാര്‍ക്കും പ്രതിഫലവുമടക്കം കുടിശികയാകുന്ന സാഹചര്യത്തിലാണ് അടിയന്തിരമായി സഹായം അനുവദിക്കാന്‍ തീരുമാനിച്ചത്.