നമ്പര്‍ 18 പോക്‌സോ കേസ്; റോയ് വയലാട്ടിനും അഞ്ജലിക്കുമെതിരെ അടുത്തയാഴ്ച കുറ്റപത്രം സമര്‍പ്പിക്കും

കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ ഹോട്ടല്‍ ഉടമ റോയ് വയലാറ്റിനും അഞ്ജലി റിമാ ദേവിനുമെതിരെ അടുത്തയാഴ്ച കുറ്റപത്രം സമര്‍പ്പിക്കും. അഞ്്ജലിയാണ് കേസിലെ മുഖ്യസൂത്രധാര എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. അഞ്ജലിക്കും സൈജുവിനുമെതിരെ മനുഷ്യക്കടത്ത് കുറ്റവും ചുമത്തിട്ടുണ്ട്. റോയ് വയലാറ്റും അഞ്ജലി റിമാദേവും സൈജു തങ്കച്ചനും ഗൂഢാലോചന നടത്തിയതായും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പരാതിക്കാരിയില്‍ നിന്ന് അഞ്ജലി പണം കടം വാങ്ങിയിരുന്നു. ഇത് തിരികെ നല്‍കാതിരിക്കുന്നതിന് വേണ്ടി അഞ്ജലി നടത്തിയ ഗൂഢാലോചനയാണ് സംഭവത്തിന് പിന്നില്‍. അമ്മയെയും മകളെയും കൊച്ചിയിലെത്തിച്ച് ബ്ലാക്മെയിലിങ് നടത്താനാണ് തീരുമാനിച്ചിരുന്നത്. വയനാട് സ്വദേശിയായ അമ്മയും മകളും നല്‍കിയിരിക്കുന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

പ്രതികള്‍ തങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറഞ്ഞിരുന്നു. അമ്മയ്‌ക്കൊപ്പം ഹോട്ടലിലെത്തിയ പെണ്‍കുട്ടിയെ കെണിയില്‍പ്പെടുത്താന്‍ സഹായിച്ചുവെന്നാണ് അഞ്ജലിക്ക് എതിരെയുള്ള ആരോപണം. കേസില്‍ അഞ്ജലി മൂന്നാം പ്രതിയാണ്. അതേസമയം പരാതിക്കാരി കള്ളപ്പണ ഇടപാട് നടത്തുന്നയാളാണ്. ഗൂഢാലോചന നടത്തി തന്നെ ഈ കോസില്‍ കുടുക്കുകയാണെന്നുമാണ് അഞ്ജലി പൊലീസിന് മൊഴിനല്‍കിയിരുന്നത്.