ജനാധിപത്യത്തിലേക്ക് നേപ്പാൾ വഴിമാറിയിട്ട് 17 വർഷം ആകുന്നതേയുള്ളൂ. എന്നാൽ പതിറ്റാണ്ടുകൾ നീണ്ടുനിന്ന രാജവാഴ്ച തിരികെ വേണമെന്ന് ആവശ്യം കഠ്മണ്ഡുവിൽ ഉയരുകയാണ്. 2015 മുതൽ മതനിരപേക്ഷ റിപ്പബ്ലിക്കായ തുടരുന്ന നേപ്പാളിനെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും മുദ്രാവാക്യങ്ങൾ ഉയരുകയാണ്. തെരുവുപ്രക്ഷോഭങ്ങളെ നേപ്പാൾ സർക്കാർ പൊലീസിനെയിറക്കി നേരിടുകയാണ്. പ്രക്ഷോഭത്തിൽ ഇതുവരെ മൂന്നുപേർക്ക് ജീവൻ നഷ്ടമാകുകയും ഒട്ടേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തു. നൂറിലേറെപ്പേരെ അറസ്റ്റുചെയ്തു.
‘രാജാ ആവൂ ദേശ് ബചാവൂ’ (രാജാവ് തിരികെ വരൂ…രാജ്യത്തെ രക്ഷിക്കൂ) എന്നാണ് നേപ്പാളിൽ ഉയരുന്ന മുദ്രവാക്യം. മാർച്ച് 28 നാണ് ഈ ആവശ്യവുമായി ഒരു കൂട്ടമാളുകൾ ഒരു റാലി നടത്തിയത്. രാജഭരണത്തിന് അനുകൂലമായി റാലി നടക്കുമ്പോൾ തന്നെ ഇടതുമുന്നണിയുടെ എതിർ റാലിയും നടന്നു. രണ്ട് മുൻ പ്രധാനമന്ത്രിമാർ ഉൾപ്പെടെയുള്ളവർ അവിടെ ജനാധിപത്യത്തിന് അനുകൂലമായി പ്രസംഗിച്ചു. വീണ്ടും കിരീടമണിയാമെന്ന സ്വപ്നം വേണ്ടെന്ന് അവർ രാജാവ് ഗ്യാനേന്ദ്ര ഷായ്ക്ക് മുന്നറിയിപ്പു നൽകി. രാജാവിനെ അറസ്റ്റുചെയ്യാൻ പ്രധാനമന്ത്രി കെപി ശർമ ഒലിയോട് ആവശ്യപ്പെടുകയും ചെയ്തു.
നേപ്പാളിലെ അവസാനത്തെ രാജാവാണ് ഇപ്പോൾ 77 വയസുള്ള ഗ്യാനേന്ദ്ര ഷാ. വീണ്ടും രാജ്യംഭരിക്കണമെന്ന മോഹം ഗ്യാനേന്ദ്ര ഷാ തുറന്നുപറഞ്ഞിട്ടില്ല. എന്നാൽ, നേപ്പാളിന്റെ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക അവസ്ഥയിലുള്ള ആശങ്കയറിച്ച് ഗ്യാനേന്ദ്ര ഷാ ഇടയ്ക്കിടെ സന്ദേശങ്ങളിറക്കാറുണ്ട്. ജനങ്ങളുമായി സമ്പർക്കം സൂക്ഷിക്കുന്നുമുണ്ട്. ഫെബ്രുവരി 18ന് ഷാ ജനങ്ങൾക്കയച്ച സന്ദേശമാണ് പ്രക്ഷോഭത്തിന് തുടക്കമിടാൻ പ്രചോദനമായത്.
സന്ദേശം ജനാധിപത്യ സർക്കാരിനെതിരേ ആയിരുന്നു. രാജഭരണമൊഴിഞ്ഞ നേപ്പാളിൽ പ്രതീക്ഷിച്ച ക്ഷേമമുണ്ടാകുന്നില്ല, നേപ്പാളുപോലൊരു പരമ്പരാഗത സമൂഹത്തിൽ നാനാത്വത്തിലെ ഏകത്വത്തിന്റെ പ്രതീകമായി രാജാവ് വേണമെന്നായിരുന്നു അത്. ഇതിന് പിന്നാലെ മാർച്ച് 9 ന് കഠ്മണ്ഡുവിലെ ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഗ്യാനേന്ദ്ര ഷാക്ക് പിന്തുണ അറിയിച്ച് ആയിരക്കണക്കിനാൾ എത്തി. ഷാ അവരെ അഭിവാദ്യം ചെയ്തു.
അഴിമതിയും സർക്കാരിന്റെ കെടുകാര്യസ്ഥതയും തന്നെയാണ് ജനങ്ങളെ തെരുവിലിറക്കിയത്. 2008ൽ രാജഭരണം അവസാനിച്ചശേഷം നേപ്പാളിൽ ഇതുവരെ 13 സർക്കാരുകൾ വന്നു. ജനങ്ങൾ വോട്ടുചെയ്ത് ജയിപ്പിക്കുന്ന സ്ഥാനാർഥികളെക്കൂടാതെ, ഓരോ പാർട്ടിക്കും കിട്ടിയ വോട്ടിന്റെ അടിസ്ഥാനത്തിൽ നിശ്ചിത പ്രതിനിധികളെ നൽകുന്ന ആനുപാതിക പ്രാതിനിധ്യരീതിയും ചേർന്നതാണ് നേപ്പാളിന്റെ തിരഞ്ഞെടുപ്പുസമ്പ്രദായം. അതുകൊണ്ടുതന്നെ ഒരൊറ്റപ്പാർട്ടിക്കും കേവലഭൂരിപക്ഷം ലഭികാറില്ല. അതിനാൽ, സഖ്യസർക്കാരുകളാണ് നേപ്പാൾ ഭരിക്കുന്നത്.
സഖ്യസർക്കാരുകളുടെ എല്ലാ പോരായ്മകളും അതിനാൽ തന്നെ നേപ്പാൾ ഭരണകൂടത്തിന് ഉണ്ടാകാറുണ്ട്. രാഷ്ട്രീയ വിലപേശലിന്റെ അടിസ്ഥാനത്തിൽ പ്രത്യയശാസ്ത്രപരമായ ഐക്യമൊന്നും ഇല്ലാതെ ഉണ്ടാകുന്ന സർക്കാരുകളിൽ അഴിമതിയും കൂടുതലാണ്. രാഷ്ട്രീയക്കാർക്കെതിരേ അന്വേഷണം നടത്തണമെങ്കിൽ മന്ത്രിസഭയുടെ അനുമതിവേണമെന്ന കീഴ്‌വഴക്കം ഉള്ളതിനാൽ അന്വേഷണങ്ങളും നടക്കാറില്ല. പ്രധാനമന്ത്രി ഒലിമുതൽ ഭരണസഖ്യത്തിലെ ഏതാണ്ടെല്ലാ പ്രമുഖരും അഴിമതിയാരോപണമോ അന്വേഷണമോ നേരിടുന്നുണ്ട്.
2008 മുതലുള്ള രാഷ്ട്രീയ അസ്ഥിരത, 2015ലെ ഭൂകമ്പം, 2020ലെ കോവിഡ് അങ്ങനെ എല്ലാ കാലത്തും നേപ്പാളിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കാൻ കാരണങ്ങൾ ഉണ്ടായിട്ടുണ്ട്. പരമ്പരാഗത രാഷ്ട്രീയപ്പാർട്ടികളോടും അവയുടെ പ്രായംചെന്ന നേതാക്കളോടും യുവാക്കൾക്ക് ആഭിമുഖ്യം കുറഞ്ഞതും മറ്റൊരു കാരണമാണ്. അതേസമയം പ്രക്ഷോഭം മുറുകാനിടയുണ്ടെങ്കിലും രാജഭരണം പുനഃസ്ഥാപിക്കാൻ സാധിക്കില്ലെന്നാണ് വിലയിരുത്തൽ. രാജഭരണം തിരികെ കൊണ്ടുവരണമെകിൽ ഭരണഘടന ഭേദഗതിചെയ്യണം. അതിന് പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. 14 അംഗങ്ങൾ മാത്രമുള്ള സമര രംഗത്തുള്ള ആർപിപി വിചാരിച്ചാൽ അത് നടക്കില്ല എന്നതാണ് ആശ്വാസം.
അതിനിടെ രാജഭരണാനുകൂല പ്രക്ഷോഭം ആളിക്കത്തിച്ചത് ഇന്ത്യയാണെന്ന് ആരോപിച്ചു പ്രധാനമന്ത്രി ഒലി രംഗത്ത് വന്നിരുന്നു. പ്രക്ഷോഭത്തിൽ പങ്കെടുത്തവർ ഗ്യാനേന്ദ്രയുടെ ചിത്രത്തിനൊപ്പം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രവും ഉയർത്തിപ്പിടിച്ചതാണ് ഇങ്ങനെയൊരു ആരോപണത്തിനിടയാക്കിയത്. യോഗി ആദിത്യനാഥ് മുഖ്യപുരോഹിതനായ ഗോരഖ്നാഥ് മഠത്തിന് നേപ്പാൾ രാജകുടുംബവുമായി ചരിത്രപരമായ ബന്ധമുണ്ട്.
മുഖ്യമന്ത്രിയാകും മുൻപ് നേപ്പാളിലെ രാജഭരണത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് ആദിത്യനാഥ് സംസാരിച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ നേപ്പാളിലെ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇന്ത്യയുടെ ഇടപെടലുണ്ടായെന്ന ആരോപണങ്ങൾക്കു കാരണം ഇതാണെന്നാണ് വിലയിരുത്തൽ. ഇന്ത്യയുടെ ഇടപെടലുണ്ടായെന്ന നേപ്പാളിന്റെ ആരോപണം വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ നിരാകരിച്ചിട്ടുണ്ട്.