തനിക്കെതിരായ നടപടി എന്തിന്റെ പേരിലെന്ന് അറിയില്ലെന്ന് രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് സമൂഹമാധ്യമ ഇടപടലില്‍ സസ്പെന്ഷന് നേരിട്ട കെ എസ് യു സംസ്ഥാന സെക്രട്ടറി സ്നേഹ ആര് വി രംഗത്ത്. രമേശ് ചെന്നിത്തലയ്ക്കെതിരെ പോസ്റ്റിട്ട കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധുവിനെതിരെ നടപടിയില്ലാത്തത് ഇരട്ടത്താപ്പെന്നും സ്നേഹ ഫേസ്ബുക്കില്‍ കുറിച്ചു. ഇരട്ടത്താപ്പ് ആവര്‍ത്തിക്കുമ്പോള്‍ വീണ്ടും പ്രതികരിക്കും. ഫേസ്ബുക്ക് പേജ് സാമൂഹ്യ വിരുദ്ധര്‍ മാസ് റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിച്ചെന്നും സ്നേഹ പറയുന്നു.
നടപടി ഏകപക്ഷീയമെന്ന് കാണിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരനും, രാഹുല്‍ഗാന്ധിക്കും പരാതി നല്‍കുമെന്നും സ്നേഹ അറിയിച്ചു. എന്എസ്യുഐ ദേശീയ നേതൃത്വമാണ് സ്നേഹയ്ക്കെതിരെ കഴിഞ്ഞ ദിവസം അച്ചടക്ക നടപടി സ്വീകരിച്ചത്. സ്നേഹയെ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും സസ്പെന്‍ഡ് ചെയ്തതായി സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട് എം ലിജുവിനായി സ്നേഹ ശക്തമായി നിലകൊണ്ടിരുന്നു. എന്നാല്‍ ജെബി മേത്തറിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സ്ത്രീയെങ്കില്‍ ബിന്ദുകൃഷ്ണയെ ആക്കാമായിരുന്നില്ലേ എന്നും സ്നേഹ കുറിച്ചു. ഇതാണ് ദേശീയ നേതൃത്വത്തെ ചൊടിപ്പിച്ചത്. ഹരിപ്പാട് ചെറുതന ഡിവിഷനിലെ ബ്ലോക്ക് പഞ്ചായത്ത് മെമ്പറാണ് സ്നേഹ ഇപ്പോള്‍.