എസ്‍.പി യതീഷ് ചന്ദ്രയ്ക്ക് എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍; പരാതി തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

എസ്‍.പി യതീഷ് ചന്ദ്രക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ നൽകിയ പരാതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളി. ശബരിമലയില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞെന്ന ആരോപണത്തിലാണ് യതീഷ് ചന്ദ്രക്കെതിരെ ബി.ജെ.പി നേതാക്കള്‍ കേന്ദ്രത്തെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ അന്വേഷണം നടത്തി നൽകിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരാതി തള്ളിയതെന്നാണ് വിവരം. ചെയ്തു. ഒമ്പത് മാസം മുമ്പ് നടന്ന സംഭവത്തില്‍ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് യതീഷ് ചന്ദ്രക്കെതിരായ കേസ് തള്ളിയ കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്.

ശബരിമലയില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രി പൊന്‍ രാധാകൃഷ്ണന്‍, തന്റെ സ്വകാര്യവാഹനം നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തി വിടണമെന്ന് ആവശ്യപ്പെട്ട് പൊലീസുമായുണ്ടായ വാക്കുതര്‍ക്കമാണ് പരാതിക്ക് അടിസ്ഥാനം. എല്ലാ വാഹനങ്ങളും കടത്തി വിടാനാവില്ലെന്ന് പറഞ്ഞതോടെ, ബി.ജെ.പി നേതാക്കള്‍ എസ്.പി യതീഷ് ചന്ദ്രയ്ക്കെതിരെ തിരിഞ്ഞു. കേന്ദ്രമന്ത്രി എന്ന നിലയില്‍ അതൊരു ഔദ്യോഗിക ഉത്തരവായി നല്‍കിയാല്‍ എല്ലാ വാഹനങ്ങളും കടത്തി വിടാമെന്ന് പൊലീസ് കേന്ദ്രമന്ത്രിയെ അറിയിച്ചു. താന്‍ മന്ത്രിയായല്ല ഇവിടെ വന്നിരിക്കുന്നതെന്നും അതിനാല്‍ ഉത്തരവ് നല്‍കാന്‍‌ കഴിയില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. സംഭവം നാണക്കേടായി എടുത്ത ബി.ജെ.പി സംസ്ഥാന നേതൃത്വം യതീഷ് ചന്ദ്രക്കെതിരെ കടുത്ത പരാമര്‍ശങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഒപ്പം നടപടി ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് പരാതിയും നൽകി.

Read more

സംഭവത്തിൽ യതീഷ് ചന്ദ്രയ്ക്കെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭവും ബി.ജെ.പി സംഘടിപ്പിച്ചിരുന്നു. യതീഷ് ചന്ദ്രക്കെതിരായ പരാതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിച്ചിരുന്നോ എന്ന ചോദ്യത്തിന് അന്വേഷിച്ചിരുന്നു എന്ന മറുപടിയാണ് വിവരാവകാശ നിയമപ്രകാരം കിട്ടിയത്. ആ പരാതിയിൽ എന്ത് നടപടി എടുത്തു എന്ന ചോദ്യത്തിന് പരാതി സംസ്ഥാന സര്‍ക്കാരിന് കൈമാറിയെന്നും അത് അന്വേഷിച്ച ശേഷം സംസ്ഥാന സര്‍ക്കാര്‍ നൽകിയ ശിപാര്‍ശ അനുസരിച്ച് പരാതിയില്‍ ഉള്ള നടപടി അവസാനിപ്പിച്ചെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് രേഖാമൂലം മറുപടി നൽകി.