ശ്രീറാം വെങ്കിട്ടരാമന് ചീഫ് സെക്രട്ടറിയുടെ നോട്ടീസ്;15 ദിവസത്തിനകം മറുപടി നല്‍കണം

തിരുവന്തപുരത്ത്  മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസിന്  ചീഫ് സെക്രട്ടറിയുടെ നോട്ടീസ്. വകുപ്പുതല അച്ചടക്ക നടപടിയുടെ ഭാഗമായാണ് നോട്ടീസ് നൽകിയത്.  നോട്ടീസിന് 15 ദിവസത്തിനകം മറുപടി നല്‍കണം.

പെരുമാറ്റച്ചട്ടം  ലഘിച്ചും ഗതാഗതനിയമങ്ങള്‍ പാലിക്കാതെയും കാറോടിച്ച് ഒരാളുടെ മരണത്തിനിടയാക്കിയെന്നാണ് പരാതി. അതേസമയം കുറ്റം ചെയ്തിട്ടില്ലെന്ന മറുപടി വാങ്ങി ശ്രീറാമിനെ വകുപ്പു തല നടപടിയില്‍നിന്ന് ഒഴിവാക്കാനുള്ള നീക്കം നടക്കുന്നതായും ആക്ഷേപമുയർന്നിട്ടുണ്ട്.

നിലവിൽ ശ്രീറാം സസ്പെൻഷനിലാണ്. ഇതു തുടരുന്നതിന്റെ ഭാഗമായാണ് നോട്ടീസ് അയച്ചിരിക്കുന്നത്.  മ്യൂസിയം പോലീസ് സ്റ്റേഷന് സമീപത്താണ് ശ്രീറാമും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച കാര്‍ ബൈക്കില്‍ ഇടിച്ച് ബഷീര്‍ കൊല്ലപ്പെട്ടത്.

അപകടസമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി സാക്ഷികള്‍ മൊഴിനല്‍കിയിരുന്നു. എന്നാൽ സമയബന്ധിതമായി രക്തസാമ്പിൾ ശേഖരിക്കാൻ പൊലീസ് തയാറായില്ല. മെഡിക്കൽ കോളജിൽ പോകാതെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയതും ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.

കാറോടിച്ചത് താനല്ലെന്ന് ശ്രീരാം ആദ്യഘട്ടത്തിൽ മൊഴി നൽകിയെങ്കിലും പിന്നീട് തിരുത്തി. ഫോറൻസിക് പരിശോധനയിലും ശ്രീറാമാണ് കാറോടിച്ചിരുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്.