ഓഖി ദുരന്തം: പിണറായിക്ക് ചീത്തപ്പേര് ഉണ്ടാക്കിയത് ഈ ദുരന്ത നിവാരണ അഥോറിറ്റി മെമ്പര്‍ സെക്രട്ടറി

ഓഖി ദുരന്തം ഉണ്ടാകുമെന്ന മുന്നറിയിപ്പ് കൃത്യസമയത്ത് കൈമാറാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന ആരോപണം ഉയര്‍ത്തി കോലാഹലമുണ്ടാക്കിയത് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളാണ്. എന്നാല്‍, ഇതിലെ യഥാര്‍ത്ഥ പ്രതിയെ പുറത്തുകൊണ്ടു വന്നിരിക്കുകയാണ് കേരളകൗമുദി പത്രം. മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പ്രതികൂട്ടിലാക്കിയത് ദുരന്തനിവാരണ അഥോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ ലൂക്കോസ് കുര്യാക്കോസ് ആണെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഐഎംഡിയില്‍നിന്നും ഇന്‍കോസില്‍നിന്നും ലഭിച്ച വിവരങ്ങള്‍ അപഗ്രഥിച്ച് മുന്നറിയിപ്പിന്റെ ഗൗരവം മനസ്സിലാക്കാന്‍ ഇവര്‍ക്ക് കഴിയാതിരുന്നതാണ് മുന്‍കരുതലുകള്‍ എടുക്കാന്‍ കഴിയാതെ പോയതിന്റെ കാരണം.

തങ്ങളുടെ നില ഭദ്രമാക്കാന്‍ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ഇതൊക്കെ സാധാരണ സംഭവിക്കുന്നതാണെന്നും ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചത്. ഇതാണ് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതും ജനരോഷം ഇരമ്പിയതും.

യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് പിന്‍വാതിലിലൂടെയാണ് ശേഖര്‍ കുര്യാക്കോസ് നിയമനം നേടിയതെന്ന് കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ ഉദ്യോഗസ്ഥന്റെ പ്രവൃത്തികളാണ് ഇപ്പോള്‍ തീരദേശത്ത് സര്‍ക്കാരിനെതിരെ ജനരോഷം ഉയരാന്‍ കാരണം.

നേരത്തെ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ മെമ്പര്‍ ദുരന്തനിവാരണ അതോറിറ്റി സെക്രട്ടറിയായിരുന്നപ്പോള്‍ വകുപ്പു തലവന്‍ കൂടിയായ കമ്മിഷണറാണ് കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നത്. ശേഖര്‍ മെമ്പര്‍ സെക്രട്ടറിയായതോടെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യന്‍ വഴിയായിരുന്നു ഓപ്പറേഷന്‍. സംഭവം നടന്ന ദിവസം കുര്യന്‍ അവധിയിലായിരുന്നു.

ദുരന്തനിവാരണ കാര്യത്തിന് അദ്ദേഹം മറ്റാരെയും ചുമതലപ്പെടുത്തിയിരുന്നുമില്ല. സംസ്ഥാന മുഖ്യമന്ത്രി ചെയര്‍മാനും റവന്യൂ മന്ത്രി വൈസ് ചെയര്‍മാനുമായ അതോറിറ്റിയില്‍ ചീഫ് സെക്രട്ടറി, ഹോം, റവന്യൂ സെക്രട്ടറിമാര്‍ എന്നിവര്‍ മാത്രമാണുള്ളത്. ദുരന്തനിവാരണത്തില്‍ വിദഗ്ദ്ധരായ ഒരൊറ്റ ശാസ്ത്രജ്ഞന്‍ പോലുമില്ല. ഫലത്തില്‍ മെമ്പര്‍ സെക്രട്ടറി മാത്രമാണ് ഈ കമ്മിറ്റിയില്‍ വിഷയവുമായി ബന്ധമുള്ള ഒരേയൊരാളെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ശേഖര്‍ ലൂക്കോസ് കുര്യാക്കോസിനെ മെമ്പര്‍ സെക്രട്ടറി പദവിയിലേക്ക് കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ചതാകട്ടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പും. ഇതാകട്ടെ എല്ലാവിധ മാനദണ്ഡങ്ങള്‍ ലംഘിച്ചും. എല്ലാ സംസ്ഥാനങ്ങളിലും മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ദുരന്തനിവാരണ അഥോറിറ്റിയുടെ മെമ്പര്‍ സെക്രട്ടറിമാര്‍.

കേരളത്തില്‍ റവന്യൂ വകുപ്പിന്റെ തലപ്പത്തുള്ള ലാന്‍ഡ് റവന്യൂ കമ്മിഷണറെ മാറ്റിയാണ് തൊട്ടുമുമ്പുവരെ കരാര്‍ ജീവനക്കാരനായിരുന്ന ശേഖറിനെ മെമ്പര്‍ സെക്രട്ടറിയായി 2016 മാര്‍ച്ചില്‍ നിയമിച്ചത്. പുതിയ സര്‍ക്കാര്‍ വന്ന ഉടനെ കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന ഉത്തരവുകളൊക്കെ പുന:പരിശോധിച്ചെങ്കിലും ഈ അനധികൃത നടപടി മാത്രം തിരുത്തിയില്ല. ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ മെമ്പര്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയതോടെ റവന്യൂ വകുപ്പിന് ഈ അതോറിട്ടിയിലുണ്ടായിരുന്ന നിയന്ത്രണവും ഇല്ലാതായെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.