ശബരിമല സന്നിധാനത്ത് നാലര ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് രഹസ്യാന്വേഷണ വിഭാഗം

ശബരിമല സന്നിധാനത്ത് നിന്ന് നാലര ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ അറസ്റ്റില്‍. സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന ശാസ്താ ഹോട്ടലിലെ ജീവനക്കാരന്‍ ബിജു ആണ് വിദേശ മദ്യവുമായി സന്നിധാനത്ത് പിടിയിലായത്. കൊല്ലം കിളികൊല്ലൂര്‍ സ്വദേശിയാണ് പിടിയിലായ ബിജു. വെള്ളിയാഴ്ച വൈകുന്നേരമാണ് ഇയാള്‍ പൊലീസിന്റെ പിടിയിലാകുന്നത്.

കഴിഞ്ഞ കുറച്ചുനാളായി സന്നിധാനത്ത് മദ്യ വില്‍പ്പന നടക്കുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സന്നിധാനം എന്‍എസ്എസ് ബില്‍ഡിങ്ങിന് സമീപം ശാസ്താ ഹോട്ടലിലെ ജീവനക്കാരനാണ് ബിജു. വൈകുന്നേരത്തോടെ ശാസ്താ ഹോട്ടലിനു സമീപത്തു നിന്നാണ് ബിജു മദ്യവുമായി പിടിയിലാകുന്നത്.

പൂര്‍ണമായും ഡ്രൈ ലാന്റ് സോണില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ശബരിമലയും സന്നിധാനവും. അതീവ സുരക്ഷ മേഖലയായ ഇവിടേക്ക് മദ്യം എത്തിയത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്നാണ് രഹസ്യാന്വേഷന വിഭാഗത്തിന്റെ വിലയിരുത്തല്‍. സംഭവത്തെ തുടര്‍ന്ന് വരും ദിവസങ്ങളില്‍ മേഖലയില്‍ പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Read more