നടൻ ദിലീപ് ശങ്കറിന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഫോറൻസിക് സംഘം ദിലീപ് ശങ്കർ താമസിച്ച മുറിയിൽ നടത്തിയ വിശദമായ പരിശോധനയിൽ അസ്വാഭാവികത ഒന്നും കണ്ടെത്താനായില്ല.
കരൾ രോഗത്തിനുള്ള മരുന്ന് ഈ മുറിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ ഒഴിഞ്ഞ രണ്ട് മദ്യക്കുപ്പികളും ലഭിച്ചിട്ടുണ്ട്. ദിലീപ് ശങ്കറിന്റെ മരണത്തിൽ ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവികത കാണുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. തിരുവനന്തപുരം വാൻറോസ് ജംഗ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ദിലീപ് ശങ്കറിന്റെ മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് വിവരം. എന്നാൽ മരണ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സീരിയൽ അഭിനയത്തിനായാണ് ദിലീപ് ഹോട്ടലിൽ മുറിയെടുത്തത്. രണ്ട് ദിവസമായി നടൻ മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. ഒപ്പം അഭിനയിക്കുന്നവർ ദിലീപിനെ ഫോണിൽ വിളിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. ഇവരും ഹോട്ടലിലേക്ക് അന്വേഷിച്ച് എത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃദദേഹം കണ്ടെത്തിയത്.