സംസ്ഥാനത്തെ പകർച്ചപ്പനി വ്യാപനത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. മാലിന്യ സംസ്കരണവും ശുചീകരണ പ്രവർത്തനവും ശരിയായ രീതിയിൽ നടത്തിയില്ലെന്ന് ടിവി ഇബ്രാഹിം ആരോപിച്ചു. കേരളത്തിന്‍റെ ആരോഗ്യവകുപ്പ് പനിപിടിച്ച് പുതച്ചു കിടക്കുകയാണെന്നും ടിവി ഇബ്രാഹിം കുറ്റപ്പെടുത്തി. മഞ്ഞപ്പിത്ത വ്യാപനം സഭ നിർത്തി ചർച്ച ചെയ്യണമെന്ന് ടിവി ഇബ്രാഹിം ആവശ്യപ്പെട്ടു. എന്നാൽ അടിയന്ത്രപ്രമേയത്തിന് അനുമതി നിഷേധിച്ചു.
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിലാണ് അടിയന്ത്രപ്രമേയത്തിന് അനുമതി നിഷേധിച്ചത്. ആരോഗ്യവകുപ്പ് പനിപിടിച്ചു കിടക്കുകയായിരുന്നെങ്കിൽ കൊണ്ടോട്ടിയിൽ 33 കോടി രൂപയുടെ ആശുപത്രി വികസന പ്രവർത്തനങ്ങൾ നടക്കില്ലായിരുന്നുവെന്ന് വീണ ജോർജ് മറുപടി നല്‍കി. 2013, 2017 ലാണ് സംസ്ഥാനത്ത് ഡെങ്കിപനി കൂടിയതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. എന്നാൽ അത് കുറച്ചു കൊണ്ടുവരാൻ കഴിഞ്ഞു. എലിപ്പനി കൂടാനുള്ള സാഹചര്യം ഉണ്ടായിരുന്നു, പക്ഷേ ശക്തമായ നടപടി സ്വീകരിച്ചു. സംസ്ഥാനത്ത് മഞ്ഞപ്പിത്തം നിയന്ത്രണ വിധേയമാണ്. വള്ളികുന്നിൽ ആരും മഞ്ഞപ്പിത്തം ബാധിച്ച് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
പൊതുജനാരോഗ്യത്തെ സംബന്ധിച്ച കാര്യങ്ങൾ പറയുമ്പോൾ ആരോഗ്യ മന്ത്രി വ്യക്തിപരമായി എടുക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. പോരായ്മകൾ ചോദ്യം ചെയ്യപ്പെടും. തിരുവന്തപുരം നഗര മധ്യത്തിൽ വെള്ളക്കെട്ട് ഉണ്ടായിട്ട് ഒരു മന്ത്രി പോലും തിരിഞ്ഞു നോക്കിയിട്ടില്ല. ഇതാണ് സംസ്ഥാനം മുഴുവനുള്ള അവസ്ഥ. മഴക്കാലപൂർവ്വ ശുചീകരണം ഏറ്റവും മോശമായ വർഷമാണിതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാർഗ നിർദ്ദേശങ്ങൾ ഉള്ളതുകൊണ്ടാണ് യോഗങ്ങൾ പലതും ചേരാൻ കഴിയാഞ്ഞതെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. മഴ പെയ്താൽ ലോകത്ത് എല്ലായിടത്തും വെള്ളം കയറുമെന്നും എംബി രാജേഷ് വിശദീകരിച്ചു. എന്നാൽ യോഗം ചേരുന്നതിന് മാത്രമാണ് കമ്മീഷന്‍റെ വിലക്ക് ഉണ്ടായിരുന്നത്. മഴക്കാലപൂർവ്വ ശുചീകരണത്തിന് വിലക്കുണ്ടായിരുന്നില്ലെന്നും സതീശന്‍ തിരിച്ചടിച്ചു. സംസ്ഥാനത്ത് മലിന ജലമാണ് കുടിവെള്ളമായി വിതരണം ചെയ്യുന്നത്. പൊതുജനാരോഗ്യത്തിൽ സർക്കാരിന് ശ്രദ്ധയില്ലെന്നും പ്രതിപക്ഷം വിമർശിച്ചു.