തെരുവുനായ ശല്യം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; ആശങ്ക ശരിവെച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തെ തെരുവുനായശല്യം നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം. തെരുവുനായ്ക്കളുടെ വന്ധ്യംകരണം നിലച്ചെന്ന് പി.കെ ബഷീര്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ വിഷയം ഗൗരവമായി കാണുന്നില്ല. കുട്ടികളടക്കം സാധാരണക്കാരുടെ പ്രശ്‌നം കണ്ടില്ലെന്ന് നടിക്കരുത്. തെരുവുനായ് പ്രശ്‌നത്തിലെന്താ കോടതി ഇടപെടാത്തത്? ലോകായുക്തയുടെ അല്ല പട്ടിയുടെ പല്ലാണ് സര്‍ക്കാര്‍ പറിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തെരുവുനായ് കടിച്ചുള്ള മരണം ആശങ്ക ഉണ്ടാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാക്‌സീനെ കുറിച്ച് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുന്ന കാര്യം ആരോഗ്യ വകുപ്പ് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വാക്‌സിന്റെ ഗുണമേന്‍മയെ കുറിച്ചുയര്‍ന്ന ആക്ഷേപങ്ങളെ വ്യക്തമായീ പരാമര്‍ശിച്ച് ആരോഗ്യമന്ത്രി മറുപടി പറഞ്ഞിരുന്നില്ല.

പേവിഷ ബാധ ഏറ്റ് ഈവര്‍ഷം ഇത് വരെ 20 പേര്‍ മരിച്ചുവെന്ന് മന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു. കുത്തിവയ്പ്പ് എടുത്തിട്ടും മരിച്ചവര്‍ പേവിഷ ബാധയേല്‍ക്കാല്‍ കൂടുതല്‍ സാധ്യതയുള്ള ഭാഗങ്ങളില്‍ മുറിവേറ്റവരാണ്. 15 പേര്‍ വാക്‌സീന്‍ എടുത്തിരുന്നില്ല. തെരുവ് നായ്ക്കളുടെ വന്ധ്യംകരണം പൂര്‍ണമായി നിലച്ചു എന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.