പണം വാങ്ങി ഹെല്‍ത്ത് കാര്‍ഡ്: വീഴ്ചയുണ്ടായെന്ന് ആരോഗ്യമന്ത്രി, രണ്ട് ഡോക്ടര്‍മാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

പണം വാങ്ങി ഹെല്‍ത്ത് കാര്‍ഡ് നല്‍കിയ സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരായ അയിഷ എസ്. ഗോവിന്ദ്, വിന്‍സ എസ്. വിന്‍സെന്റ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു.

നേരത്തെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആര്‍എംഒയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സര്‍ജന്‍ ഡോ.വി.അമിത് കുമാറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണു നടപടി.

ഹെല്‍ത്ത് കാര്‍ഡ് വിതരണത്തില്‍ വീഴ്ചയുണ്ടായെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആര് തെറ്റ് ചെയ്താലും കര്‍ശന നടപടിയെടുക്കും. ഹെല്‍ത്ത് കാര്‍ഡ് ഡിജിറ്റലിലേക്ക് മാറ്റുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.