'പാലക്കാട്' ഇടത് സരിൻ തന്നെ; പാർട്ടി ചിഹ്നമില്ല, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

പാലക്കാട് ഡോ. പി സരിൻ ഇടത് സ്ഥാനാർത്ഥിയാകും. മികച്ച സ്ഥാനാർത്ഥിയെന്ന വിലയിരുത്തലിലാണ് തീരുമാനം. തീരുമാനം ജില്ലാ കമ്മറ്റിയിൽ റിപ്പോർട്ട് ചെയ്യും. അതേസമയം ഔദ്യോഗിക പ്രഖ്യാപനം വൈകിട്ടാണ് നടക്കുക.

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിധിൻ കണിച്ചേരി പി സരിന്‍റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയശേഷമാണ് നിധിൻ കണിച്ചേരി മടങ്ങിയത്. മത്സരിക്കാനുള്ള സന്നദ്ധത സരിൻ നിധിൻ കണിച്ചേരിയെ അറിയിച്ചിരുന്നതായാണ് സൂചന. പിന്നാലെ തന്‍റെ അയല്‍ക്കാരനാണ് സരിനെന്നും കൂടിക്കാഴ്ചയിൽ മറ്റുകാര്യങ്ങളൊന്നുമില്ലെന്നുമാണ് നിധിൻ കണിച്ചേരി മാധ്യമങ്ങളോട് പ്രതികരിച്ചത്.

അതേസമയം, ഉപതെരഞ്ഞെടുപ്പുകളിലേക്കുളള ഇടത് സ്ഥാനാർത്ഥികളെ ഇന്ന് വൈകിട്ട് ഏഴിന് പ്രഖാപിക്കുമെന്ന് എ.കെ ബാലൻ പറഞ്ഞു. കുഞ്ഞാലിയെ കൊലപ്പെടുത്തിയ ആര്യാടൻ മുഹമ്മദിനെ തങ്ങൾ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ടെന്നും അതാത് സമയത്തെ രാഷ്ട്രീയ സാഹചര്യം നോക്കിയാണ് സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുകയെന്നും ബാലൻ പറഞ്ഞു.

അതേസമയം സരിനെ മത്സരിപ്പിക്കുന്നത് സിപിഎമ്മിന്‍റെ ഏറ്റവും വലിയ അപചയമെന്ന് ബിജെപി പാലക്കാട് ജില്ലാ നേതൃത്വം വിമർശിച്ചു. സരിന്‍റെ കാര്യത്തിൽ എന്തൊക്കെ സംഭവിച്ചിട്ടുണ്ട് എങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട് എന്ന് പിന്നീട് പറയാമെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് കെ എം ഹരിദാസ് പറഞ്ഞു. കോൺഗ്രസിൽ നടക്കുന്നത് എന്താണെന്ന് സരിൻ തന്നെ പറഞ്ഞിട്ടുണ്ടല്ലോ എന്നും ഹരിദാസ് പറഞ്ഞു.

Read more