IPL 2025: അത് എന്ത് കളിയാക്കൽ ആണ് കോഹ്‌ലി ഭായ്, എതിർ മടയിൽ ചെന്ന് ജഡേജയെ ട്രോളി വിരാട്; ഡാൻസ് വീഡിയോ വൈറൽ

ഇന്നലെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർ‌സി‌ബി) സൂപ്പർ താരം വിരാട് കോഹ്‌ലി ചെന്നൈ സൂപ്പർ കിംഗ്‌സ് (സി‌എസ്‌കെ) ഓൾ‌റൗണ്ടർ രവീന്ദ്ര ജഡേജയെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 2025 (ഐപിഎൽ 2025) ലെ എട്ടാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) ചെന്നൈ സൂപ്പർ കിംഗ്‌സിനെ (സിഎസ്‌കെ) കടുത്ത സമ്മർദ്ദത്തിലാക്കിയപ്പോഴാണ് വിരാട് കോഹ്‌ലിയുടെ പ്രവൃത്തി വന്നത്.

ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഉയർന്ന വോൾട്ടേജ് മത്സരത്തിൽ കോഹ്‌ലിക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ല. 30 പന്തിൽ 31 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. തന്റെ സ്ഥിരം താളത്തിൽ കളിച്ചു കയറാൻ കോഹ്‌ലിക്ക് കഴിഞ്ഞില്ല എന്നത് ആരാധകരെ നിരാശപ്പെടുത്തി.

കോഹ്‌ലി ജാഗ്രതയോടെയാണ് തന്റെ ഇന്നിംഗ്സ് തുടങ്ങിയത്. ചെന്നൈ പിച്ചിലെ സാഹചര്യം നന്നായി മുതലാക്കിയ സ്പിന്നർമാർ അടക്കം താരത്തെ ബുദ്ധിമുട്ടിച്ചു. ഒടുവിൽ നൂർ അഹമ്മദ് എറിഞ്ഞ 13-ാം ഓവറിലെ രണ്ടാം പന്തിൽ അദ്ദേഹം പുറത്തായി. അദ്ദേഹത്തിന്റെ ഇന്നിംഗ്‌സിൽ 2 ഫോറുകളും 1 സിക്‌സും ഉണ്ടായിരുന്നു.

അതേസമയം, ചെന്നൈ ബാറ്റ്‌സ്മാന്മാരും ബുദ്ധിമുട്ടിയതോടെ കോഹ്‌ലി ആവേശത്തിലായി. രാഹുൽ ത്രിപാഠിക്ക് ദേഷ്യത്തിൽ ഒരു കലിപ്പൻ യാത്രയപ്പ് നൽകിയ കോഹ്‌ലി പതിനാലാം ഓവറിന് ശേഷം ചെന്നൈ സൂപ്പർ കിംഗ്‌സ് 88-6 എന്ന നിലയിൽ ബുദ്ധിമുട്ടുമ്പോൾ രവീന്ദ്ര ജഡേജയെ കളിയാക്കാൻ രസകരമായ നൃത്തം ചെയ്തു ജഡേജയെ കളിയാക്കി. ജഡേജയുടെ മുന്നിൽ കാണിച്ച ഈ ആവേശത്തിൽ നിറചിരി മാത്രമായിരുന്നു ചെന്നൈ താരത്തിന്റെ പ്രതികരണം.