പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കനാലില്‍ വീണ നിലയില്‍ കണ്ടെത്തിയ വയോധികയുടെ മരണകാരണം സൂര്യാഘാതമേറ്റതിനെ തുടര്‍ന്ന്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് എലപ്പുള്ളി സ്വദേശിയായ ലക്ഷ്മിയെ കനാലില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വയോധിക ഒറ്റയ്ക്കാണ് താമസിച്ച് വന്നിരുന്നത്. വൈകുന്നേരത്തോടെ നടക്കാനിറങ്ങിയ ലക്ഷ്മിയെ ഏറെ നേരത്തിന് ശേഷം കാണാതായതോടെയാണ് നാട്ടുകാരും ബന്ധുക്കളും അന്വേഷിച്ചിറങ്ങിയത്. തുടര്‍ന്ന് നടത്തിയ തിച്ചിലില്‍ വയോധികയെ കനാലില്‍ വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു.

കനാലില്‍ നിന്ന് ലക്ഷ്മിയെ കണ്ടെത്തുമ്പോള്‍ തലയ്ക്ക് പരിക്കുകളും ദേഹത്ത് പൊള്ളലേറ്റതിന്റെ പാടുകളുമുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് വയോധികയുടെ മരണകാരണം വ്യക്തമായത്. അതേസമയം പാലക്കാട് ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണ തരംഗ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Read more

പാലക്കാട്, കൊല്ലം, തൃശൂര്‍ എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. വരും ദിവസങ്ങളില്‍ പാലക്കാട് 41 ഡിഗ്രി സെല്‍ഷ്യസ് താപനിലയും തൃശൂര്‍ കൊല്ലം ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനിലയും ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.