പാലക്കാട് പി സരിന്‍ സിപിഎം സ്വതന്ത്രന്‍; യുആര്‍ പ്രദീപ് ചേലക്കരയില്‍ ജനവിധി തേടും; സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി സിപിഎം

നവംബര്‍ 13ന് നടക്കാനിരിക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഎം. പാലക്കാട് നിയോജക മണ്ഡലത്തില്‍ നിന്നും ഡോ പി സരിന്‍ ജനവിധി തേടും. ചേലക്കരയില്‍ മുന്‍ എംഎല്‍എയായ യുആര്‍ പ്രദീപിനെ മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കെ രാധാകൃഷ്ണനും ഷാഫി പറമ്പിലും വിജയിച്ച പശ്ചാത്തലത്തിലാണ് ചേലക്കരയിലും പാലക്കാടും ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇരു മണ്ഡലങ്ങളിലും പാര്‍ട്ടി വിജയിക്കുമെന്ന് വിശ്വാസമുണ്ടെന്നും സ്ഥാനാര്‍ത്ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് എംവി ഗോവിന്ദന്‍ പറഞ്ഞു.

നേരത്തെ പി സരിന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും ഔദ്യോഗികമായി സിപിഎം സ്ഥിരീകരിച്ചിരുന്നില്ല. അതേസമയം സിപിഎം സ്വതന്ത്രനായാണ് പി സരിന്‍ പാലക്കാട് മത്സരിക്കുക. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ കോണ്‍ഗ്രസ് പടവെട്ട് ആരംഭിച്ചെന്നും എംവി ഗോവിന്ദന്‍ പരിഹസിച്ചു.

പാലക്കാട് ഉപതിരഞ്ഞെടുപ്പിന് കാരണമായത് കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ടാണെന്നും ഗോവിന്ദന്‍ ആരോപിച്ചു. തൃശൂരില്‍ സുരേഷ്‌ഗോപിയെ വിജയിപ്പിച്ചതും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടതും ഇതിന്റെ അടിസ്ഥാനത്തിലാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.