എംപിമാരെ ആക്രമിച്ചു; വനിത എംപിയെ അപമാനിച്ചു; ഒരാളുടെ നില ഗുരുതരമെന്ന് കേന്ദ്രമന്ത്രി; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് പൊലീസ്

പാര്‍ലമെന്റിന് മുന്നിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തു. ഗുജറാത്തില്‍ നിന്നുള്ള ഹേമംഗ് ജോഷി എംപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നിയമോപദേശം ലഭിച്ച ശേഷമാണു നടപടിയെന്നാണു പൊലീസ് വ്യക്തമാക്കി. അംബേദ്കര്‍ വിവാദത്തിലെ പ്രതിഷേധത്തിലാണ് പാര്‍ലമെന്റ് കവാടത്തില്‍ ഭരണ, പ്രതിപക്ഷ എംപിമാര്‍ ഏറ്റുമുട്ടിയത്. അമിത് ഷാ രാജിവയക്കണമെന്നാവശ്യപ്പെട്ട് അംബേദ്കര്‍ പ്രതിമയ്ക്ക് മുന്നില്‍ നിന്ന് മകര്‍ ദ്വാറിലേക്ക് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയിരുന്നു.

എംപിമാരെ കയ്യേറ്റം ചെയ്തുവെന്നും വനിത എംപിയെ അപമാനിച്ചെന്നും ചൂണ്ടികാട്ടിയാണ് ബിജെപി എംപിമാര്‍ രാഹുലിനെതിരെ പരാതി നല്‍കിയത്. രാഹുല്‍ ഗാന്ധി കാരണം രണ്ട് എംപിമാര്‍ക്ക് പരുക്കേറ്റെന്നും അതില്‍ ഒരാളുടെ നില ഗുരുതരമാണെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞിരുന്നു.

സെക്ഷന്‍ 109, 115, 117, 121,125, 351 വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ ഗാന്ധിക്കെതിരെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ ബിജെപി പരാതി നല്‍കിയത്.