'അച്ഛന് മാപ്പു നല്‍കി വെറുതെ വിടണം'; അഭ്യര്‍ത്ഥനയുമായി അശ്വിന്‍

ഇന്ത്യയുടെ വെറ്ററന്‍ ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന്‍ അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ മൂന്നാം ടെസ്റ്റിന്റെ സമാപനത്തിന് ശേഷമാണ് അദ്ദേഹം തന്റെ തീരുമാനം അറിയിച്ചത്. അശ്വിന്റെ അപ്രതീക്ഷിത വിരമിക്കലിന് പിന്നാലെ ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ആരോപണവുമായി താരത്തിന്റെ പിതാവ് രവിചന്ദ്രന്‍ രംഗത്തുവന്നിരുന്നു.

തുടര്‍ച്ചയായി പ്ലേയിംഗ് ഇലവനില്‍നിന്ന് തഴയുന്നതിലെ അപമാനമാകാം അശ്വിന്‍ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം നടത്തിയതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. ഇതിന് പിന്നാലെ ഇതില്‍ പ്രതികരണവുമായി അശ്വിന്‍ രംഗത്തെത്തി.

‘എന്റെ പിതാവ് മാധ്യമ പരിശീലനം നേടിയിട്ടില്ലാത്ത ആളാണ്. ഏയ് അച്ഛാ, എന്താണ് ഇതെല്ലാം. അദ്ദേഹത്തിന് മാപ്പു നല്‍കി വെറുതെ വിടണമെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നു’ അശ്വിന്‍ എക്‌സില്‍ കുറിച്ചു.

ബുധനാഴ്ച വിരമിക്കല്‍ പ്രഖ്യാപിച്ച അശ്വിന്‍, തൊട്ടടുത്ത ദിവസം തന്നെ ചെന്നൈയില്‍ മടങ്ങിയെത്തി. താരത്തെ സ്വീകരിക്കാന്‍ നൂറു കണക്കിന് ആരാധകരാണ് ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്.