കാസര്‍ഗോഡ് നടന്ന പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍.ഇതു സംബന്ധിച്ച അപ്പീല്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.കേസില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലെന്നും കുറ്റപത്രം സമര്‍പ്പിച്ചതാണെന്നുമാണ് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമെണെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
കൊലപാതകങ്ങള്‍ക്ക് പിന്നില്‍ സി.പി.എമ്മിന്റെ ഗൂഢാലോചനയുണ്ടെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിലയില്‍ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് രണ്ടാഴ്ച മുന്‍പ് ഉത്തരവിട്ടിരുന്നു. എന്നാല്‍, എല്ലാ പ്രതികളെയും പിടികൂടിയതാണെന്നും ഗൂഢാലോചന അടക്കം മുഴുവന്‍ കാര്യങ്ങളും നേരത്തെ തന്നെ അന്വേഷിച്ചതുമാണെന്നാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വാദം.
കഴിഞ്ഞ മാസം 30ന് പെരിയ കൊലപാതകക്കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് രൂക്ഷമായാണ് വിമര്‍ശിച്ചത്. എത്രയും പെട്ടന്ന് കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. രണ്ട് യുവാക്കള്‍ അതിക്രൂരമായ കൊലപ്പെട്ട കേസാണിതെന്ന് ഓര്‍മ്മിപ്പിച്ച കോടതി, കേസില്‍ ഗൗരവപൂര്‍ണ്ണവും കാര്യക്ഷമവുമായ അന്വേഷണം നടന്നിട്ടില്ലെന്ന് പറഞ്ഞിരുന്നു. കുറ്റപത്രം സമര്‍പ്പിച്ചതില്‍ പോലും ഇത് വ്യക്തമാണെന്ന് പറഞ്ഞ കോടതി വിചാരണ നടന്നാല്‍ പോലും പ്രതികള്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു.
Read more
സാക്ഷികളെക്കാള്‍ പ്രതികളെയാണ് പൊലീസ് അന്വേഷണത്തില്‍ വിശ്വാസത്തിലെടുത്തതെന്നും കോടതി ആരോപിച്ചിരുന്നു. സംസ്ഥാന പൊലീസിന്റെ അന്വേഷണത്തെ രൂക്ഷമായി വിമര്‍ശിച്ച ശേഷമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസ് സിബിഐക്ക് വിട്ടത്. തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല.കേസില്‍ ഫോറന്‍സിക് സര്‍ജന്റെ മൊഴി പോലും യഥാസമയം രേഖപ്പെടുത്തിയില്ല. വിശ്വാസ്യത നഷ്ടപ്പെട്ട അന്വേഷണമാണ് നടന്നതെന്ന് പറഞ്ഞ കോടതി കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത് ആദ്യ പ്രതിയുടെ മൊഴി മാത്രം വിശ്വാസത്തിലെടുത്താണെന്ന് ചൂണ്ടിക്കാട്ടി. അഞ്ചാം പ്രതിയുടെ മൊഴി സുവിശേഷമാക്കിയാണ് അന്വേഷണം നടന്നതെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു.