പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കേരളത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലെ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന്റെ വധശിക്ഷ നടപ്പാക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തിങ്കളാഴ്ച വിധി പറയും. കേസില്‍ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയും കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

അമീര്‍ ഉള്‍ ഇസ്ലാം നല്‍കിയ അപ്പീലിലും കോടതി തിങ്കളാഴ്ചയാണ് വിധി പറയുക. പ്രതിയ്ക്ക് വിധിക്കുന്ന വധശിക്ഷ നടപ്പാക്കണമെങ്കില്‍ ഹൈക്കോടതിയുടെ അനുമതി നേടണം. ഇതേ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. 2016 ഏപ്രില്‍ 28ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

നിയമ വിദ്യാര്‍ത്ഥിനിയായിരുന്ന ജിഷയെ കനാല്‍ പുറമ്പോക്കിലെ വീട്ടില്‍ അതിക്രമിച്ച് കടന്നാണ് പ്രതി കൊല നടത്തിയത്. ലൈംഗിക പീഡനത്തിന് ശേഷമാണ് ജിഷ കൊല്ലപ്പെട്ടതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. 38 മുറിവുകളും ജിഷയുടെ ദേഹത്ത് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതി പിടിയിലായത്.

മാസങ്ങള്‍ നീണ്ട വിചാരണയ്ക്ക് ശേഷമാണ് പ്രതിയ്ക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. വിധിയ്‌ക്കെതിരെ പ്രതി ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. താന്‍ നിരപരാധിയാണെന്നും തെളിവുകള്‍ പൊലീസ് തനിക്കെതിരെ കെട്ടിച്ചമച്ചതാണെന്നും ഹര്‍ജിയില്‍ പറയുന്നു. ജിഷയെ മുന്‍ പരിചയമില്ലെന്നും കേസില്‍ വെറുതെ വിടണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.