മാർച്ച് 1 മുതൽ സംസ്ഥാനത്തെ തടവുകാർക്ക് ജയിലിൽ നിന്ന് BSNL കണക്ഷൻ ഉള്ള നമ്പറുകളിലേക്ക് മാത്രമേ വിളിക്കാൻ കഴിയൂ. ഇതുസംബന്ധിച്ച നിർദ്ദേശം ജയിൽ സൂപ്രണ്ട് ബൽറാം കുമാർ ഉപാധ്യായ പുറപ്പെടുവിച്ചു. തടവുകാർക്ക് ഇനി ബന്ധുക്കളെയും സുഹൃത്തുക്കളെയും അഭിഭാഷകരെയും ബന്ധപ്പെടണമെങ്കിൽ അവർക്ക് BSNL കണക്ഷൻ ഉണ്ടായിരിക്കണം. ചില തടവുകാർ ജയിലിൽ നൽകുന്ന നമ്പറുകളിൽ വിളിച്ച് കോൺഫറൻസ് കോളുകൾ വഴി കുറ്റകൃത്യങ്ങൾ ഏകോപിപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇങ്ങനെയൊരു തീരുമാനം എന്നാണ് വിശദീകരണം. ഇത് തടയുന്നതിനാണ് ഈ പുതിയ തീരുമാനം. കോൺഫറൻസ് കോളുകൾ വഴി തടവുകാർക്ക് മറ്റുള്ളവരെ പരോക്ഷമായി ബന്ധപ്പെടാം. ബി.എസ്.എൻ.എല്ലിലും ഇത് സാധ്യമാണെങ്കിലും, ഈ സംവിധാനം വെട്ടിക്കുറയ്ക്കാൻ ജയിൽ അധികൃതർ കമ്പനിയുമായി ധാരണയിലെത്തിയതായി പറയുന്നു.
തടവുകാർക്ക് ജയിലിൽ നിന്ന് മുൻകൂട്ടി നമ്പർ നൽകി വിളിക്കാൻ സാധിക്കുന്നത് മൂന്ന് പേരെയാണ്. അതിൽ അവരുടെ അഭിഭാഷകരും ഉൾപ്പെടുന്നു. തടവുകാരിൽ ന്യൂനപക്ഷം മാത്രം ഏർപ്പെട്ടിരിക്കുന്ന കുറ്റകൃത്യങ്ങളുടെ പേരിൽ മൊത്തം ജയിൽ തടവുകാരുടെ മേൽ നിയന്ത്രം ഏർപ്പെടുത്തടുന്നത് മനുഷ്യത്വമില്ലായ്മയുടെയും തുടർച്ചയാണ് എന്ന് അഡ്വ. തുഷാർ നിർമൽ ചൂണ്ടികാണിക്കുന്നു: “ആയിരക്കണക്കിന് തടവുകാരുടെ ജീവിതത്തെ ബാധിക്കുന്ന ഒരു നടപടിയാണ് ഇത്ര ലാഘവത്തോടെ നടപ്പിലാക്കപ്പെടുന്നത്. വാസ്തവത്തിൽ ജയിൽ നടത്തിപ്പിലുള്ള ജനാധിപത്യ വിരുദ്ധതയുടെയും മനുഷ്യത്വമില്ലായ്മയുടെയും തുടർച്ചയാണ് ഈ ഫോൺ വിളി നിയന്ത്രണം. ജയിലിൽ നിന്നുള്ള ഫോൺ വിളി സൗകര്യം ദുരുപയോഗം ചെയ്യപ്പെടുന്നില്ല എന്നല്ല. പക്ഷെ അത്തരം സംഭവങ്ങളിൽ ഏർപ്പെടുന്ന തടവുകാരുടെ എണ്ണം മൊത്തം തടവുകാരുടെ എണ്ണം വച്ച് നോക്കിയാൽ വളരെ തുച്ഛമാണ്. ഈ ന്യൂനപക്ഷത്തിന്റെ പേരിൽ മുഴുവൻ തടവുകാരുടെയും ഫോൺ വിളി സൗകര്യത്തെയും നിയന്ത്രിക്കാനാണ് ജയിൽ അധികൃതർ ശ്രമിക്കുന്നത്. തടവുകാരുടെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്യപ്പെടുന്നുണ്ട് എന്ന് കൂടി ഈ അവസരത്തിൽ നാം അറിയേണ്ടതുണ്ട്.”
Read more
BSNL നമ്പർ ഇല്ലാത്ത അഭിഭാഷകരെയും തടവുകാർക്ക് ബന്ധപ്പെടാനാകില്ല എന്നത് അഭിഭാഷകരെ കൂടെ ഇത്തരം ജയിലിൽ വെച്ച് നടത്തുന്ന കുറ്റകൃത്യങ്ങളിൽ ചേർത്തുകെട്ടുകയാണ് എന്ന് അഡ്വ. തുഷാർ വിമർശിച്ചു. “തടവുകാരുടെ ഫോൺ വിളി സൗകര്യം പരിമിതപ്പെടുത്തുമ്പോൾ അഭിഭാഷകരെയും അതിൽ ഉൾപ്പെടുത്തുന്നത് ദുരുദ്ദേശപരമാണ്. കാരണം തടവുകാർ ഫോൺ വിളി സൗകര്യം ദുരുപയോഗപ്പെടുത്തി നടത്തുന്നതായി പറയുന്ന കുറ്റകൃത്യങ്ങളിൽ ഇന്ന് വരെ ഒരു അഭിഭാഷകനും ഉൾപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.” അഡ്വ. തുഷാർ സൗത്ത് ലൈവിനോട് പറഞ്ഞു.