'ഞാനും കണ്ണില്‍ച്ചോര ഇല്ലാത്തവനാണെന്ന് അവര്‍ പ്രാകുന്നു, ജനം വിളിക്കുമ്പോള്‍ ഫോണെടുക്കൂ'; ബി.ജെ.പി നേതാക്കളോട് യാചിച്ച് ടി.ജി മോഹന്‍ദാസ്

നേതാക്കന്മാരുടെ മോശം സ്വഭാവം കാരണം പൊറുതിമുട്ടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റുമായി ബിജെപി അനുഭാവിയായി ചാനലുകളില്‍ ചര്‍ച്ചയ്‌ക്കെത്തുന്ന ടി.ജി മോഹന്‍ദാസ്. ജനം വിളിക്കുമ്പോള്‍ ബിജെപി നേതാക്കള്‍ ഫോണ്‍ എടുക്കിന്നില്ല എന്ന പ്രശ്‌നമാണ് അദ്ദേഹം കുറിപ്പില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പോസ്റ്റ് ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു.

ടി.ജി മോഹന്‍ദാസിന്റെ കുറിപ്പ്..

”അപൂര്‍വം ടിവിയില്‍ വരികയും ബിജെപിക്ക് അനുകൂലമായി സംസാരിക്കുകയും ചെയ്യുന്നതിനാല്‍ ഞാനെന്തോ കേന്ദ്രഭരണത്തില്‍ വലിയ പിടിപാടുള്ള ആളാണ് എന്ന് ഒരുപാട് പാവങ്ങള്‍ ധരിക്കുന്നു. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യപ്പെടുന്നു. ബിജെപി നേതാക്കള്‍ ഫോണ്‍ എടുക്കുന്നില്ല എന്നു പരാതി പറയുന്നു. അവരുടെ പ്രശ്‌നങ്ങള്‍ ഞാന്‍ വിചാരിച്ചാല്‍ തീരില്ല എന്നു ഞാന്‍ പറയുമ്പോള്‍ ഞാനും കണ്ണില്‍ച്ചോര ഇല്ലാത്തവനാണെന്നു പ്രാകുന്നു.

പ്രിയ ബിജെപി നേതാക്കളേ, വിളിക്കുന്നത് ആരോ ആവട്ടെ, ദയവു ചെയ്ത് ഫോണ്‍ എടുക്കണം. അത് വലിയൊരു കാര്യമാണ്. അതുകൊണ്ടുമാത്രം പലരും സംപ്രീതരാകും. കാര്യം നടക്കാത്തതാണെങ്കില്‍ അതു തുറന്നു പറഞ്ഞ് ആശ്വസിപ്പിക്കണം. നടക്കുന്നതാണെങ്കില്‍ ചെയ്തു കൊടുക്കണം. ഊണ് കൊടുത്തില്ലെങ്കില്‍ ഊട്ടുപുരയെങ്കിലും കാണിച്ചു കൊടുക്കണം. പുണ്യം കിട്ടും, വോട്ടും കിട്ടും. ഇതിലധികം എങ്ങനെ യാചിക്കണം എന്ന് എനിക്കറിയില്ല..”

Read more