പിറവം പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറി

സുപ്രീം കോടതിയുടെ വിധി നടപ്പിലാക്കുന്നതിനു വേണ്ടി ജില്ലാ കളക്ടര്‍ ഏറ്റെടുത്ത പിറവം സെന്റ് മേരീസ് സിറിയന്‍ പള്ളിയുടെ താക്കോല്‍ ജില്ലാഭരണകൂടം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറി. ഇതുകൂടാതെ പിറവം പള്ളിയുടെ കീഴിലുള്ള ചാപ്പലുകളും മറ്റ് സ്വത്തുക്കളും രണ്ടാഴ്ചക്കകം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് നല്‍കും.

കഴിഞ്ഞ മൂന്ന് ഞായറാഴ്ചകളിലും പൊലീസ് സംരക്ഷണത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ കുര്‍ബാന നടത്തിയിരുന്നു. പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്‌സ് വിഭാഗം വികാരിക്ക് കൈമാറണമെന്ന് കഴിഞ്ഞദിവസം കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് മൂവാറ്റുപുഴ ആര്‍ഡിഒ എംടി അനില്‍കുമാര്‍ പള്ളിയുടെ താക്കോല്‍ കൈമാറിയത്. പള്ളിയിലെയും ഓഫീസിലെയും ഉപകരണങ്ങളുടെ കണക്കുകള്‍ തിട്ടപ്പെടുത്തിയ രേഖകളും ഓര്‍ത്തഡോക്‌സ് വികാരി ഫാ. സ്‌കറിയ വട്ടക്കാട്ടിലിന് നല്‍കി.

ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ജില്ലാ കളക്ടര്‍ പള്ളിയുടെ നിയന്ത്രണം കളിഞ്ഞ മാസം 26-ന് ഏറ്റെടുത്തത്. പള്ളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം എത്തിയെങ്കിലും യാക്കോബായ വിശ്വാസികള്‍ തടഞ്ഞിരുന്നു. ഇതോടെ ഹൈക്കോടതി നിര്‍ദേശപ്രകാരം യാക്കോബായ സഭ വിശ്വാസികളെ അറസ്റ്റ് ചെയ്ത് നീക്കിയാണ് പള്ളിയുടെ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുത്തത്.