പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിന് പുതിയ ബാച്ചുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും. താല്കാലിക ബാച്ചുകള്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇത് ചര്‍ച്ച ചെയ്യാന്‍ ഇന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും.
നിലവില്‍ മൂന്ന് ജില്ലകളിലാണ് സീറ്റ് ക്ഷാമം രൂക്ഷമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് കണ്ടെത്തി. കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലായി നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് സീറ്റ് ലഭിക്കാത്തത്. ഇതില്‍ മലപ്പുറം ജില്ലയില്‍ മാത്രം 5,000 ത്തോളം കുട്ടികല് പഠന സൗകര്യം ലഭിക്കാതെ പുറത്തായിട്ടുണ്ട്. മലപ്പുറം 5,540, കോഴിക്കോട് 2,163, പാലക്കാട് 1,360 എന്നിങ്ങനെയാണ് സീറ്റുകളുടെ കുറവ്. അതേസമയം പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്ന സ്ഥിതിയാണ്. ഇവ മറ്റ് ജില്ലകള്‍ക്കായി മാറ്റുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്
താല്കാലിക ബാച്ചിന് സൗകര്യമുള്ള സ്കൂളുകളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത് അടിസ്ഥാനമാക്കിയായിരിക്കും ഇന്ന് തീരുമാനം എടുക്കുക. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സീറ്റ് ലഭിക്കാതെ നില്ക്കുന്ന ജില്ലകള്‍ക്ക് മുന്‍ഗണന നല്‍കും. അതേസമയം പ്ലസ് വണ്‍ രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്മെന്റ് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും.
Read more
സീറ്റ് ക്ഷാമം ശ്രദ്ധയില്പ്പെടുത്തിയപ്പോളും പുതിയ ബാച്ച് വേണ്ടെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. 20 ശതമാനം സീറ്റ് കൂട്ടുക മാത്രമായിരുന്നു പരിഗണിച്ചത്. എന്നാല്‍ പ്രതിസന്ധി രൂക്ഷമാവുകയും, പ്രതിപക്ഷം അടക്കം പ്രതിഷേധം ഉന്നയിച്ചതോടെയുമാണ് പുതിയ ബാച്ച് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനമായത്.