തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റു; ആക്രമിച്ചത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റു. ശനിയാഴ്ചയാണ് പ്ലസ് ടു വിദ്യാര്‍ത്ഥി അസ്ലമിന് നേരെ ആക്രമണമുണ്ടായത്. പൂവച്ചല്‍ ബാങ്ക് നട ജംഗ്ഷനിലായിരുന്നു സംഭവം. പൂവച്ചല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അസ്ലം. ഇതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ് അസ്ലമിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അസ്ലമിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ശരീരത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ഒരു മാസം മുന്‍പുണ്ടായ സംഘര്‍ഷമാണ് ഇന്നത്തെ ആക്രമണത്തിന് കാരണമായത്. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ ആക്രമണം.

സ്‌കൂളിലുണ്ടായ സംഘര്‍ഷത്തില്‍ അന്ന് അധ്യാപകര്‍ക്ക് ഉള്‍പ്പെടെ പരിക്കേറ്റിരുന്നു. സ്‌കൂളിന് അവധി ആയിരുന്ന ഇന്ന് നാല് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.