ബിഎ പരീക്ഷ പാസാകാതെ എംഎ ക്ലാസിൽ പ്രവേശനം നേടി എസ്എഫ്ഐ നേതാവ് പിഎം ആർഷോ. ഓട്ടോണമസ് കോളേജായ എറണാകുളം മഹാരാജാസിലാണ് ആർഷോ അഞ്ചുവർഷ ആർക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്സിൽ പ്രവേശനം നേടിയത്. ബിരുദത്തിന് വേണ്ട ആറാം സെമസ്റ്റർ പരീക്ഷ ആർഷോ പാസായിട്ടില്ല. എന്നാൽ പിജിക്ക് തത്തുല്യമായ ഏഴാം സെമസ്റ്ററിന് പ്രവേശനം ലഭിച്ചു.
അഞ്ചും ആറും സെമസ്റ്റർ പരീക്ഷ എഴുതുന്നതിന് 75% ഹാജർ വേണമെന്നിരിക്കെയാണ് ഹാജർ 10 ശതമാനം മാത്രമുള്ള ആർഷോയ്ക്ക് പ്രവേശനം നൽകിയിരിക്കുന്നത്. 120 ക്രെഡിറ്റ് ലഭിക്കാതെ ഏഴാം സെമസ്റ്ററിലേയ്ക്ക് പ്രവേശനം നൽകാൻ പാടില്ലെന്ന വ്യവസ്ഥ മറികടന്നാണ് ആറാം സെമസ്റ്റർ പരീക്ഷ പോലും എഴുതാത്ത ആർഷോയ്ക്ക് പ്രിൻസിപ്പലിന്റെ നിർദ്ദേശപ്രകാരം ഇന്റഗ്രേറ്റഡ് പിജി ക്ലാസിൽ പ്രവേശനം നല്‍കിയത്.
യൂണിവേഴ്സിറ്റി അംഗീകരിച്ച റെഗുലേഷൻ പ്രകാരം എല്ലാ സെമസ്റ്ററിനും 75% ഹാജരുണ്ടെങ്കിൽ മാത്രമേ പരീക്ഷ എഴുതുവാൻ അർഹതയുള്ളൂ. ഒന്നു മുതൽ ആറു വരെ സെമസ്റ്റർ പരീക്ഷ പാസാകുന്നതിന് 120 ക്രെഡിറ്റ് വേണമെന്നും അവർക്ക് ബിരുദ സർട്ടിഫിക്കറ്റ് വാങ്ങി കോഴ്സ് അവസാനിപ്പിക്കാവുന്നതാണെന്നും വ്യവസ്ഥ ഉണ്ട്. പഠനം തുടരുന്ന വിദ്യാർഥികൾക്ക് ഏഴു മുതൽ 10 വരെ സെമസ്റ്ററുകളിൽ 80 ക്രെഡിറ്റ് നേടിയാൽ പിജി ഡിഗ്രി ലഭിക്കും. മറ്റു കോളേജുകളിൽ നിന്നും ബിഎ പരീക്ഷ പാസാകുന്നവർക്ക് ഏഴാം സെമസ്റ്ററിൽ ലാറ്ററൽ എൻട്രി എംഎ ക്ലാസ്സിൽ പ്രവേശന നൽകുവാനും വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ നിലനിൽക്കവേയാണ് ആർഷോയുടെ ഈ പ്രവേശന തിരിമറി നടത്തിയത്.
ജൂണിന് മുൻപ് എല്ലാ പരീക്ഷകളും നടത്തി ഫലപ്രഖ്യാപനം പൂർത്തിയാക്കണമെന്ന സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ആർഷോ പഠിക്കുന്ന അർക്കിയോളജി ബിരുദ പരീക്ഷ ഒഴികെ ബാക്കി എല്ലാ പരീക്ഷകളും കോളേജ് കൃത്യമായി നടത്തുകയായിരുന്നു. തുടർന്ന് ആർക്കിയോളജി ആറാം സെമസ്റ്റർ പരീക്ഷ റിസൾട്ട് കൂടാതെ, ആറാം സെമസ്റ്ററിലെ എല്ലാ വിദ്യാർഥികളെയും ഏഴാം സെമസ്റ്ററിലേയ്ക്ക് പ്രവേശിപ്പിച്ചതിനൊപ്പം പരീക്ഷ എഴുതാൻ യോഗ്യത ഇല്ലാത്ത ആർഷോയെ കൂടി പിജി ക്ലാസ്സിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആർഷോയ്ക്ക് എംഎ ക്ലാസ്സിലേയ്ക്ക് കയറ്റം നൽകുന്നതിന് വേണ്ടി മനപ്പൂര്‍വമാണ് ആറാം സെമസ്റ്റര്‍ പരീക്ഷ നടത്താഞ്ഞതെന്നും ആരോപണമുണ്ട്.
ആർഷോ ആദ്യ സെമസ്റ്റർ പരീക്ഷയിൽ നൂറിൽ നൂറു മാർക്കും നേടിയത് വലിയ വിവാദമായിരുന്നു. മഹാരാജാസ് കോളജ് ഓട്ടോണമസ് ആയതു കൊണ്ട് കോളേജ് പ്രവേശനം, ഹാജർ, ക്ലാസ് കയറ്റം, പരീക്ഷ നടത്തിപ്പ്, ഫല പ്രഖ്യാപനം എന്നിവയിൽ എംജി സർവകലാശാലയ്ക്ക് യാതൊരു നിയന്ത്രണവുമില്ല.
Read more
13 ശതമാനം മാത്രം ഹാജരുള്ള രണ്ടാം സെമസ്റ്റർ പിജി വിദ്യാർഥിയും കെഎസ്‌യു ഭാരവാഹിയുമായ അമൽ ടോമി ഹൈക്കോടതി ഉത്തരവ് പ്രകാരം പരീക്ഷ എഴുതാൻ എഴുതാന്‍ എത്തിയെങ്കിലും നിശ്ചിത ശതമാനം ഹാജരില്ലെന്നു ചൂണ്ടിക്കാട്ടി കോളേജ് അധികൃതര്‍ അനുവദിച്ചില്ല. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ 10 % മാത്രം ഹാജരുള്ള, ആറാം സെമസ്റ്റർ ബിരുദ പരീക്ഷ ജയിക്കാത്ത ആർഷോയ്ക്ക് പിജി പ്രവേശനം നൽകിയത്.