പിഎം ആർഷോയുടെ മാർക്ക് ലിസ്റ്റ് തെറ്റായി പ്രസിദ്ധീകരിച്ചു; പരീക്ഷാ കൺട്രോളർക്ക് താക്കീത് നൽകി കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ മാർക്ക് ലിസ്റ്റ് തെറ്റായി പ്രസിദ്ധീകരിച്ചതിൽ എറണാകുളം മഹാരാജാസ് കോളജ് പരീക്ഷാ കൺട്രോളർക്ക് താക്കീത് നൽകി കോളേജ് വിദ്യാഭ്യാസ ഡയറക്ടർ. എൻഐസി സോഫ്റ്റ്‍വെയറിലെ പിഴവെന്ന് ബോധ്യപ്പെട്ടിട്ടും തിരുത്താൻ നടപടിയുണ്ടായില്ല, ഇത് അനാവശ്യ വിവാദങ്ങൾ കത്തിപ്പടരാൻ ഇടയാക്കിയെന്നും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു.

കോളജിന്റെ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് തെറ്റായ ധാരണ ഉണ്ടാക്കാനും ഇത് ഇടയാക്കി. പരീക്ഷാ കൺട്രോളറുടെ ചുമതല വഹിക്കുന്ന അധ്യാപകന്റെ ഭാഗത്തു നിന്നുണ്ടായ വിവാദങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പിനേയും കോളജിനേയും അപകീർത്തിപ്പെടുത്തിയെന്നും ഉത്തരവിൽ പറയുന്നു. പരീക്ഷാ കൺട്രോളർ കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കേണ്ടിയിരുന്നുവെന്നും ഉത്തരവിൽ അഭിപ്രായപ്പെടുന്നു.

ഭാവിയിൽ സമാന പിഴവ് ആവർത്തിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്നുമാണ് കോളജ് വിദ്യാഭ്യാസ ഡയറക്ടർ കർശനമായ താക്കീത് നൽകിയിരിക്കുന്നത്. പിഎം ആർഷോയുടെ പരാതിയിൽ കോളേജ് പ്രിൻസിപ്പൽ, വകുപ്പ് മേധാവി അടക്കമുളളവർക്കെതിരെ നേരത്തെ കേസ് എടുത്തിരുന്നു.

Read more

ഒരു വിഷയത്തിലും മാർക്ക് രേഖപ്പെടുത്തിയിട്ടില്ലാത്ത എന്നാൽ എല്ലാ വിഷയത്തിനും പാസായി എന്നുള്ള ആർഷോയുടെ മാർക്ക് ലിസ്റ്റ് ആയിരുന്നു വിവാദത്തിൽപ്പെട്ടത്. ബിഎ മൂന്നാം സെമസ്റ്റർ ആർക്കിയോളജിയുടെ മാർക്ക് ലിസ്റ്റിൽ മാർക്ക് രേഖപ്പെടുത്തിയിട്ടില്ല. എന്നിട്ടും പട്ടിക പ്രകാരം പരീക്ഷ പാസായവരുടെ കൂട്ടത്തിലായിരുന്നു ആർഷോ. ലിസ്റ്റ് പുറത്തായതോടെ വിഷയത്തിൽ വിവാദം കത്തി പടർന്നു. എസ്‌എഫ്‌ഐക്കും മഹാരാജാസ് കോളേജിനും നേരെ വൻ പ്രതിഷേധമാണ് ഉയർന്നിരുന്നത്.