പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ കേരളാ സന്ദര്‍ശനം: ചെലവുകള്‍ക്കായി 95 ലക്ഷം വേണമെന്ന് ടൂറിസം ഡയറക്ടര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് ദിവസത്തെ കേരള സന്ദര്‍ശത്തിന്റെ ചിലവുകള്‍ക്ക് 95 ലക്ഷം വേണമെന്ന് ടൂറിസം ഡയറക്ടര്‍. കഴിഞ്ഞ 20 നാണ് പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിന് 95 ലക്ഷം ചിലവ് വരുമെന്നും ഉടന്‍ അനുവദിക്കണമെന്നും ടൂറിസം ഡയറക്ടര്‍ ആവശ്യപ്പെട്ടത്.

ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം പൊതുഭരണ പൊളിറ്റിക്കല്‍ വകുപ്പിന് കത്തു നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫണ്ട് അനുവദിക്കണമെന്ന് പൊളിറ്റിക്കല്‍ വകുപ്പ് ധനവകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തു. വി.വി.ഐ.പി സന്ദര്‍ശനത്തിന് ടൂറിസം വകുപ്പിന് 75 ലക്ഷം ബജറ്റില്‍ ഈ സാമ്പത്തിക വര്‍ഷം വകയിരുത്തിയിട്ടുണ്ട്. അത് പോരാ 95 ലക്ഷം വേണമെന്നായിരുന്നു ടൂറിസം ഡയറക്ടറുടെ ആവശ്യം.

30 ലക്ഷം ഉടന്‍ കൊടുക്കാന്‍ ധനവകുപ്പ് ഉത്തരവിടുകയും ചെയ്തു. പ്രധാനമന്ത്രി എത്തിയ 24 -ന് തന്നെ 30 ലക്ഷം അനുവദിച്ച് ഉത്തരവും ഇറങ്ങി. ചെലവുകള്‍ സംബന്ധിച്ച എല്ലാ രേഖകളും ഗവണ്‍മെന്റിന് സമര്‍പ്പിക്കണമെന്ന് ടൂറിസം ഡയറക്ടറോട് ഉത്തരവില്‍ സൂചിപ്പിച്ചിട്ടുണ്ട്.