വിവാഹാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പേക്കൂത്തുകൾ; അപായ സൂചനയാണ്, മൂല്യച്യൂതിയുടെ ദൃഷ്ടാന്തങ്ങളാണ്: കെ കെ ശൈലജ

വിവാഹ ആഘോഷങ്ങളുടെ പേരില്‍ അരങ്ങേറുന്ന പേക്കൂത്തുകൾ വലിയ അപായ സൂചനയാണെന്നും മൂല്യച്യൂതിയുടെ ദൃഷ്ടാന്തമാണെന്നും കെ കെ ശൈലജ ടീച്ചർ. മനുഷ്യ സംസ്‌കാരത്തിന് നിരക്കാത്ത ഒട്ടേറെ സംഭവങ്ങളാണ് സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ക്രൂരവും പൈശാചികവുമായ പെരുമാറ്റങ്ങള്‍ ചില മുഷ്യരില്‍ നിന്ന് ഉണ്ടാവുകയും കുടുംബാംഗങ്ങളും, ബന്ധുക്കളും, നാട്ടുകാരുമെല്ലാം അതിന് ഇരകളാവുകയും ചെയ്യുന്നു. സാമൂഹ്യ വികാസത്തിന് മുതല്‍ക്കൂട്ടാവേണ്ട യുവത്വം ഇത്തരത്തിലുള്ള മാനസിക വ്യതിയാനങ്ങള്‍ വഴി അപകടകരമായ പ്രവണതകളിലേക്ക് നീങ്ങുന്നത് ഉല്‍ക്കണ്ഠാകുലമാണെന്ന് കെ കെ ശൈലജ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

ഇത് ആഘോഷമല്ല പ്രാകൃതാചാരം

മനുഷ്യ സംസ്‌കാരത്തിന് നിരക്കാത്ത ഒട്ടേറെ സംഭവങ്ങളാണ് സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ക്രൂരവും പൈശാചികവുമായ പെരുമാറ്റങ്ങള്‍ ചില മുഷ്യരില്‍ നിന്ന് ഉണ്ടാവുകയും കുടുംബാംഗങ്ങളും, ബന്ധുക്കളും, നാട്ടുകാരുമെല്ലാം അതിന് ഇരകളാവുകയും ചെയ്യുന്നു. സാമൂഹ്യ വികാസത്തിന് മുതല്‍ക്കൂട്ടാവേണ്ട യുവത്വം ഇത്തരത്തിലുള്ള മാനസിക വ്യതിയാനങ്ങള്‍ വഴി അപകടകരമായ പ്രവണതകളിലേക്ക് നീങ്ങുന്നത് ഉല്‍ക്കണ്ഠാകുലമാണ്. എറ്റവും സന്തോഷപ്രദമായി മാറേണ്ട ആഘോഷക്കൂട്ടായ്മകള്‍ പോലും ജുഗുപ്‌സാവഹവും അക്രമണോത്സുകവുമാവുന്നു. ഈയിടെ വിവാഹാഘോഷങ്ങളുടെ ഭാഗമായി നടന്ന പേക്കൂത്തുകള്‍ ഒരു യുവാവിന്റെ ജീവനെടുക്കുന്ന അവസ്ഥയോളമെത്തി.

വിവാഹവീടുകളില്‍ മദ്യസല്‍ക്കാരവും അതിന്റെ ഭാഗമായി ഉണ്ടാവുന്ന ബഹളവും തുടര്‍ക്കഥയാവുകയാണ്. മുമ്പ് കോളേജുകളിലൊക്കെ നടന്നുവന്നിരുന്ന റാഗിങ് മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചുതുടങ്ങിയപ്പോള്‍ പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ ഇടപെടലുകളും നിയമപാലകരുടെ ശ്രദ്ധയും വഴി നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു. ഇപ്പോള്‍ പഴയ റാഗിങ്ങിനെ തോല്‍പ്പിക്കുന്ന അനാശാസ്യ പ്രവണതകളാണ് ചിലര്‍ സമൂഹത്തില്‍ നേരിട്ട് നടപ്പാക്കുന്നത്. വിവാഹവീടുകളില്‍ തലേന്നാള്‍ ആഭാസ നൃത്തം നടത്തുക, അസ്ലീല പദപ്രയോഗങ്ങള്‍ നടത്തുക, മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് കൂത്താടുക എന്നീകാര്യങ്ങളാണ് ചിലയിടത്ത് നടക്കുന്നത്. പുരുഷന്‍മാര്‍ സ്ത്രീകളുടെ വേഷം കെട്ടി നൃത്തം ചവിട്ടുമ്പോള്‍ മറ്റുപുരുഷന്‍മാര്‍ സ്ത്രീ ശരീരമെന്ന് സങ്കല്‍പ്പിച്ച് വേഷംകെട്ടിയ ശരീരത്തില്‍ നടത്തുന്ന ചേഷ്ടകള്‍ അമ്മമാരും, കുഞ്ഞുങ്ങളും, സഹോദരന്‍മാരുമെല്ലാം കൂടിനില്‍ക്കുന്ന സദസ്സിന് മുമ്പാകെയാണ് കാട്ടുന്നത്.

ഇവിടെയിത് പറ്റില്ലെന്ന് പറയാന്‍ ആരും ആര്‍ജ്ജവം കാണിക്കുന്നില്ല എന്നതാണ് നാം അറിയാതെ ചെയ്യുന്ന കുറ്റം. വിവാഹ ദിവസം വധു വരന്റെ വീട്ടില്‍ വന്നുകയറുമ്പോള്‍ സുഹൃത്തുക്കള്‍ എന്നപേരില്‍ എത്തിയവര്‍ അവളുടെ ചെരുപ്പില്‍ എണ്ണയൊഴിച്ച് അതില്‍ കയറ്റി നടത്താന്‍ ആവശ്യപ്പെട്ട സംഭവമുണ്ടായി. ജെസിബിയുടെ കൈകളില്‍ വരനെയും വധുവിനെയും ഇരുത്തി, താഴെ വീണ് അപകടം സംഭവിച്ചു. വധൂവരന്‍മാരെ ചെരുപ്പ് മാല അണിയിച്ചും, ശീല എടുത്തുമാറ്റിയ കുടപടിപ്പിച്ചും ദീര്‍ഘദൂരം നടത്തിക്കുക, ആദ്യരാത്രി അലങ്കോലമാക്കാന്‍ കിടക്കയില്‍ വെള്ളമൊഴിച്ച് കുതിര്‍ക്കുക, നായ്ക്കുരണപ്പൊടി വിതറുക, നിലത്ത് എണ്ണയൊഴിക്കുക, ജനാലയുടെ വിജാഗിരികളും കൊളുത്തുകളും അഴിച്ചുമാറ്റുക, രാത്രി മുഴുവന്‍ വെളിയില്‍ നിന്ന് ശബ്ദമുണ്ടാക്കുക എന്നീ ക്രൂരകൃത്യങ്ങളാണ് വിവാഹ ആഘോഷങ്ങളുടെ പേരില്‍ അരങ്ങേറുന്നത്. ഇത് വലിയ അപായ സൂചനയാണ്. മൂല്യച്യൂതിയുടെ ദൃഷ്ടാന്തങ്ങളാണ്.

മനുഷ്യസംസ്‌കാരമെന്നത് സാമൂഹ്യ ജീവിതത്തിന്റെ വൈവിധ്യങ്ങളുടെയും, ഗുണപരമായ ഇടപെടലുകളിലൂടെ ആര്‍ജ്ജിച്ചെടുക്കുന്ന സമ്പന്നമായ അനുഭവങ്ങളുടെയും ആകെത്തുകയാണ്. മനുഷ്യരുടെ പെരുമാറ്റം, ജീവിത രീതികള്‍ എന്നിവയെല്ലാം ഉള്‍ച്ചേരുമ്പോഴാണ് സംസ്‌കാരം ഉടലെടുക്കുന്നത്. നന്മയും തിന്മയും തമ്മിലുള്ള സംഘട്ടനങ്ങള്‍ക്കൊടുവില്‍ നന്മയെ പുണരാന്‍ കഴിയുമ്പോഴാണ് സാംസ്‌കാരിക നവോത്ഥാനം സംഭവിക്കുക. സാമൂഹ്യ വികാസ ചരിത്രം പരിശോധിച്ചാല്‍ ഇത്തരം സംഘട്ടനങ്ങളിലൂടെ മനുഷ്യത്വഹീനമായ ഒട്ടേറെ കാര്യങ്ങള്‍ക്ക് അറുതിവരുത്തിയതായി കാണാം. സ്വാഭാവികമായും ബോധപൂര്‍വമായ ഇടപെടലുകളിലൂടെ കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യസംസ്‌കാരം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

മുതലാളിത്ത ഉപഭോഗസംസ്‌കാരം മനുഷ്യത്വഹീനമാണെന്ന് കൂടുതല്‍ അനുഭവങ്ങളിലൂടെ വ്യക്തമായിക്കൊണ്ടിരിക്കുന്നു. ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ വികാസം മനുഷ്യജീവിതത്തെ കൂടുതല്‍ സുഗമമാക്കി മാറ്റേണ്ടതാണ്, എന്നാല്‍ അതുപോലും മുതലാളിത്ത ഉപഭേഗ ആര്‍ത്തിയുടെ ആയുധങ്ങളായി മാറുന്നതാണ് കാണുന്നത്. ഇന്റര്‍നെറ്റ വഴിയും, നവമാധ്യമങ്ങള്‍ വഴിയും അറിവിന്റെ ഗുണപരമായ പ്രചാരണം നടക്കുന്നതിന് പകരം അതീവ വിഷലിപ്തമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു. സമൂഹത്തില്‍ വലിയൊരുവിഭാഗം ഈ വലയില്‍കുരുങ്ങി ആപല്‍ക്കരമായ സ്വഭാവ സവിശേഷതകളിലേക്ക് മാറുന്നു.

ഇന്നത്തെ സമൂഹത്തെ സത്യാനന്തരകാലമെന്ന് ചിലര്‍ വിശേഷിപ്പിക്കാറുണ്ട്. മനുഷ്യ സമൂഹത്തില്‍ നാം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന സത്യം, നീതി, ദയ, സ്‌നേഹം, സഹകരണം, പരസ്പര ബഹുമാനം തുടങ്ങിയ മൂല്യങ്ങള്‍ക്ക് സ്ഥാനമില്ലെന്നും അപ്പപ്പോള്‍ പടച്ചുവിടുന്ന നുണകളും സ്വാര്‍ഥ താല്‍പര്യങ്ങളും മേല്‍ക്കൈ നേടുന്നുവെന്നതുമാണ് സത്യാനന്തരകാലത്തിന്റെ പ്രത്യേകതയായി വിശദീകരിക്കപ്പെടുന്നത്. ഇന്ത്യയിലെ സാമൂഹ്യതിന്‍മകളെ പ്രതിരോധിക്കേണ്ട ജനത ലഹരിയിലേക്കും, കുറ്റകൃത്യങ്ങളിലേക്കും തിരിയുന്നതും ഒരുരാജ്യത്തിന്റെ ആത്യന്തികമായപരാജയത്തിലേക്കാണ് നയിക്കുക. ഇന്ത്യയില്‍ എറ്റവും കൂടുതല്‍ മയക്കുമരുന്ന് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് യു പി യിലാണ്, മഹാരാഷ്ട്ര തൊട്ടടുത്തുണ്ട്. കേരളത്തിലും മയക്കുമരുന്ന് ഉപയോഗങ്ങളും കേസുകളും കൂടിവരുന്നതായാണ് കാണുന്നത്.

മേല്‍പ്പറഞ്ഞതെല്ലാം ഫ്യൂഡല്‍ അന്ധവിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ശേഷിപ്പും മുതലാളിത്ത ഉപഭോഗ ആര്‍ത്തിയുടെ കടന്നുവരവും ഒരുമിച്ച് ചേര്‍ന്ന് സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്ന ആഘാതങ്ങളാണ്. ഇത് കക്ഷി രാഷ്ട്രീയം, ജാതി-മതവ്യത്യാസമില്ലാതെ സമൂഹത്തില്‍ ആരെയും സ്വാധീനിക്കാം. വിവിധ കേസില്‍ പിടിയിലാകുന്നവരുടെ ജീവിത പശ്ചാത്തലം ഇതാണ് സൂചിപ്പിക്കുന്നത്. ചിലര്‍ വിവാഹങ്ങളിലുംമറ്റും പഴയകാല ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാത്തതുകൊണ്ട് സംഭവിക്കുന്നതാണെന്ന് വ്യഖ്യാനിക്കാന്‍ ശ്രമിക്കുന്നുണ്ട്. അത് പുരോഗമനവിരുദ്ധവും, വര്‍ഗീയ വിഷലിപ്തവും, പുനരുത്ഥാനപരവുമായ ആശയങ്ങള്‍ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാനുള്ള ബോധപൂര്‍വമായ ഇടപെടലാണ്. സമൂഹം തള്ളക്കളഞ്ഞ ആചാരങ്ങളെ തിരിച്ചുകൊണ്ടുവരികയല്ല പ്രശ്‌ന പരിഹാരത്തിനുള്ള വഴി, പകരം മനുഷ്യ സമൂഹത്തെ ശാസ്ത്രബോധത്തിലേക്കും സമഭാവനയിലേക്കും മാനവസംസ്‌കാരത്തിന്റെ മൂല്യങ്ങളിലേക്കും നയിക്കാനുള്ള ബോധപൂര്‍വമായ ഇടപെടലാണ് ആവശ്യം.

Read more

എത്രയോവര്‍ഷത്തെ കഠിനപ്രയത്‌നത്തിലൂടെ നാം നേടിയെടുത്ത നന്മയുടെ തുരുത്തുകള്‍ നഷ്ടമാകുന്നതിന് മുമ്പ് സാമൂഹ്യവും നിയമപരവുമായ ഇടപെടലുകളിലൂടെ നമുക്ക് അവയെ സംരക്ഷിക്കണം. കക്ഷിരാഷ്ട്രീയത്തിനതീതമായി യുവജന സംഘടനകളും, മഹിളാ സംഘടനകളും, സാംസ്‌കാരിക സംഘടനകളും ഈ രംഗത്ത് കൈകോര്‍ത്ത് പ്രവര്‍ത്തിക്കണം. മുന്‍ സാമൂഹ്യ വികാസ ഘട്ടങ്ങളിലെന്നതുപോലെ ഈ അധഃപതനത്തെയും തരണം ചെയ്യാന്‍ മനുഷ്യരാശിക്ക് കഴിയും.