കുറ്റകൃത്യം തടയാൻ പൊലീസിന് കൂടുതല്‍ അധികാരം നല്‍കണമെന്നും അതിനായി നിയമത്തിൽ മാറ്റം വരുത്തണമെന്നും അഴിമതിക്കാരെയും കഴിവില്ലാത്തവരെയും പിരിച്ചു വിടണമെന്നും പൊലീസ്, ജയിൽ പരിഷ്കരണ സമിതി ശിപാർശ. ഗുണ്ടാപ്രവർത്തന നിരോധന നിയമ (കാപ്പാ) പ്രകാരം കുറ്റവാളികളെ ജയിലില്‍ അടക്കാന്‍ ഉന്നത പൊലീസ് മേധാവികൾക്ക് അധികാരം നൽകണമെന്നും ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ അദ്ധ്യക്ഷനായ സമിതി ശിപാർശ ചെയ്തു.
തടവുകാരെ കോടതിയില്‍ ഹാജരാക്കാൻ വിഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം പരമാവധി ഉപയോഗിക്കണം. കേസ് ഡയറികൾ പൂർണമായും ഡിജിറ്റലാക്കണം. കെട്ടിക്കിടക്കുന്ന കേസുകൾ പൂര്‍ത്തിയാക്കാന്‍ പ്രത്യേക സംവിധാനമൊരുക്കണം.
ക്രമസമാധാനപാലനവും അന്വേഷണവും രണ്ട് വിഭാഗമാക്കണം. വസ്തു, കുടുംബതർക്കം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചെറിയ കേസുകൾ സംസ്ഥാന ലീഗല്‍ സർവീസസ് അതോറിറ്റിയുമായി ചേര്‍ന്ന് പരിഹരിക്കാൻ ശ്രമിക്കണം. പൊലീസ് നിയമത്തിൻറ ചട്ടം വേഗത്തിൽ തയ്യാറാക്കി പ്രസിദ്ധപ്പെടുത്തണമെന്നും സമിതി റിപ്പോർട്ടിലുണ്ട്. കേസന്വേഷണത്തിന് സൈബർ തെളിവ്, സൈബർ പരിശോധന തുടങ്ങിയവ ശക്തമാക്കണം. സാമൂഹിക മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവയിലൂടെ തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കാനുള്ള സംവിധാനമുണ്ടാകണം.
സാമ്പത്തികതട്ടിപ്പ് തടയുന്നതിന് കേരള പൊലീസില്‍ സാമ്പത്തിക നിരീക്ഷണവിഭാഗം രൂപവത്കരിക്കണം. ഫിംഗർപ്രിൻറ് ബ്യൂറോ ആധുനികവത്കരിക്കണം. മൊബൈൽ ഫോറൻസിക് ലാബ് എല്ലാ ജില്ലകളിലും വേണം.
ജയിലുകളിൽ ചികിത്സാസൗകര്യം വര്‍ദ്ധിപ്പിക്കണം. തടവുകാർക്ക് ഇൻസെൻറിവ് നല്‍കണം. പ്രതികളെ ജയിലില്‍ തന്നെ കുറ്റവിചാരണ ചെയ്യാനുള്ള അത്യാധുനിക സംവിധാനം ഒരുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
Read more
തടവു ചാടുന്നവരെ പ്രത്യേകം പാർപ്പിക്കണം. ഇത്തരക്കാർക്ക് ലൊക്കേഷൻ മാർക്കർ ഘടിപ്പിക്കണം. മുഴുവൻ ജയിലുകളിലും സി.സി.ടി.വി ഒരുക്കണം. 162 പേജുള്ള റിപ്പോർട്ടാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് സമിതി കൈമാറിയത്. ജയിൽ വകുപ്പ് മുൻ മേധാവി ഡോ. അലക്സാണ്ടർ ജേക്കബ്, സൈബർ സുരക്ഷാ വിദഗ്ധന്‍ ഡോ. പി. വിനോദ് ഭട്ടതിരിപ്പാട് എന്നിവരായിരുന്നു സമിതിഅംഗങ്ങൾ.