കൊല്ലം കോട്ടുക്കല്‍ മഞ്ഞിപ്പുഴ ശ്രീഭഗവതി ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങള്‍ക്കിടെ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം പാടിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നാഗര്‍കോവില്‍ നൈറ്റ് ബേര്‍ഡ് എന്ന ഗാനമേള ട്രൂപ്പിലെ ഗായകനാണ് ഒന്നാംപ്രതി.
ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്ഗേവാറിനെ പ്രകീര്‍ത്തിക്കുന്ന ഗാനം പാടിയെന്നാണ് കടയ്ക്കല്‍ പൊലീസില്‍ കോട്ടുക്കല്‍ സ്വദേശി പ്രതിന്‍രാജ് നല്‍കിയ പരാതിയില്‍ പറയുന്നത്. ക്ഷേത്രോപദേശക സമിതി അംഗങ്ങള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ളതാണ് ക്ഷേത്രം. ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറെയും അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ ക്ഷേത്ര ഉപദേശക സമിതിയും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് ആര്‍എസ്എസിന്റെ കൊടിതോരണങ്ങള്‍ കെട്ടിയതില്‍ ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് അഖില്‍ ശശിയും പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം ആളുകളുടെ ആവശ്യപ്രകാരമാണ് ഗണഗീതം പാടിയതെന്നാണ് ഗാനമേള ട്രൂപ്പിലെ അംഗങ്ങളുടെ വിശദീകരണം. കോട്ടുക്കലിലെ ടീം ഛത്രപതി എന്ന സംഘമാണ് ഗാനമേള സ്‌പോണ്‍സര്‍ ചെയ്തത്. അവര്‍ നേരത്തെ തന്നെ ഈപാട്ട് പാടണമെന്ന് നിര്‍ദ്ദേശിച്ചിരുന്നതായും ഗാനമേള ട്രൂപ്പ് അധികൃതര്‍ പറയുന്നു.
Read more
അതേസമയം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പരാതി നല്‍കിയതെന്നും ദേശഭക്തി ഗാനമാണ് പാടിയതെന്നുമാണ് ഉപദേശക സമിതി പ്രസിഡന്റ് ശ്രീജേഷ് പ്രതികരിച്ചിരിക്കുന്നത്.