പോക്‌സോ കേസ്; അഞ്ജലി റിമാ ദേവിന് ക്രൈം ബ്രാഞ്ച് നോട്ടീസ്

ഫോര്‍ട്ട്‌കൊച്ചിയിലെ നമ്പര്‍18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ മൂന്നാം പ്രതിയായ അഞ്ജലി റിമാദേവിന് ക്രൈം ബ്രാഞ്ച് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

കോഴിക്കോട്ടെ വീട്ടിലെത്തിയാണ് അഞ്ജലിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബുധനാഴ്ച കൊച്ചിയിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ ഹൈക്കോടതി അഞ്ജലിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

അതേ സമയം കേസിലെ ഒന്നാം പ്രതിയും നമ്പര്‍18 ഹോട്ടല്‍ ഉടമയുമായ റോയ് വയലാട്ട് ഇന്നലെ പൊലീസില്‍ കീഴടങ്ങി. റോയിയുടേയും സുഹൃത്ത് സൈജു തങ്കച്ചന്റേയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരും ഒളിവില്‍ കഴിയുകയായരുന്നു. എന്നാല്‍ സൈജുവിനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇയാള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി.

Read more

2021 ഒക്ടോബറില്‍ ഹോട്ടല്‍ മുറിയില്‍ വെച്ച് റോയി പീഡിപ്പിച്ചു എന്ന് കോഴിക്കോട് സ്വദേശിയായ അമ്മയും മകളുമാണ് പരാതി നല്‍കിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഇക്കാര്യം പുറത്തു പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയിരുന്നു എന്നും പരാതിയില്‍ പറയുന്നു. ഫോര്‍ട്ട്‌കൊച്ചി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് മോഡലുകളുടെ കേസ് അന്വേഷിച്ച സംഘത്തിന് കൈമാറുകയായിരുന്നു.