പ്രധാനമന്ത്രി വയനാട്ടിൽ; ദുരന്തഭൂമിയിൽ ആകാശനിരീക്ഷണം

പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെ ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി വയനാട്ടിലേക്ക് തിരിച്ചു. 3 ഹെലികോപ്റ്ററിലായിട്ടാണ് വയനാട്ടിലെ ദുരന്തബാധിത മേഖലയിലേക്ക് പുറപ്പെടുക. ദുരന്തമേഖലയിൽ പ്രധാനമന്ത്രി ആകാശനിരീക്ഷണം നടത്തും.

മുഖ്യമന്ത്രി പിണറായി വിജയൻ, ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ ചേർന്നാണ് പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. സുരേഷ് ​ഗോപി, കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ള നേതാക്കളും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.

ഹെലികോപ്റ്ററിലിരുന്ന് ദുരന്തമേഖല സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ചൂരല്‍മലയിലേക്ക് റോഡ് മാർഗമായിരിക്കും എത്തുക. ക്യാമ്പിൽ കഴിയുന്നവരെ മോദി നേരില്‍ കണ്ട് സംസാരിക്കും. ദുരിതബാധിതരുടെ പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.

അതേസമയം കെ കെ ശൈലജ ടീച്ചർ എം എൽ എ, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഡി ജി പി ഷേഖ് ദർവേശ് സാഹിബ്‌, ജില്ലാ കളക്ടർ അരുൺ കെ വിജയൻ, സിറ്റി പോലീസ് കമ്മിഷണർ അജിത് കുമാർ, എ പി അബ്ദുള്ളക്കുട്ടി, സി കെ പത്മനാഭൻ തുടങ്ങിയവരും പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയിരുന്നു.