അവസരം നഷ്ടമാകരുതെന്ന് കരുതിയാണ് പ്രിയയെ ഇന്റര്‍വ്യൂവിന് പങ്കെടുപ്പിച്ചത്, നിയമോപദേശത്തിന് ശേഷമേ തുടര്‍ നടപടിയുണ്ടാകൂ': ഗോപിനാഥ് രവീന്ദ്രന്‍

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിന് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേയ്ക്കുള്ള യോഗ്യത ഉണ്ടോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടെന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ വി.സി ഡോ.ഗോപിനാഥ് രവീന്ദ്രന്‍. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വി.സി ഇക്കാര്യം അറിയിച്ചത്. പി.എച്ച്.ഡി കാലയളവ് അധ്യാപന പരിചയമായി കണക്കാക്കണോ എന്ന കാര്യത്തില്‍ വ്യക്തത ഇല്ലെന്നും സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് പ്രിയയെ ഇന്റര്‍വ്യൂവില്‍ പങ്കെടുപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഒരാള്‍ക്കു പോലും അവസരം നഷ്ടമാകരുത് എന്ന് കരുതിയാണ് പ്രിയയെ ഇന്റര്‍വ്യൂവിന് പങ്കെടുപ്പിച്ചതെന്നും നിയമ ഉപദേശം കിട്ടിയതിന് ശേഷം മാത്രമേ തുടര്‍ നടപടികളിലേയ്ക്ക് കടക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാല്‍ പ്രിയാ വര്‍ഗീസിനാണോ ഒന്നാം റാങ്ക് എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു.

സേവ്  യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനങ്ങളെ പോസറ്റീവായി കാണുന്നില്ലെന്നും യൂണിവേഴ്‌സിറ്റിയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

എയിഡഡ് കോളേജുകളില്‍ കേറാനായി അമ്പതും അറുപതും ലക്ഷങ്ങളാണ് ആളുകള്‍ വാഗ്ദാനം ചെയ്യുന്നത്. ഇതിനോട് യോജിപ്പില്ലെന്നും കൈക്കൂലി വാങ്ങി ജോലി നല്‍കുന്ന രീതി മാറണമെന്നതാണ് തന്റെ നിലപാട് എന്നും ഗോപിനാഥ് പറഞ്ഞു. ഇടതുപക്ഷ പ്രത്യയശാസ്ത്രത്തോട് യോജിപ്പുള്ളയാളാണ് താന്‍ എങ്കിലും നിയമം വിട്ട് ഒന്നും ചെയ്തിട്ടില്ല. അത് കൊണ്ട് തന്നെ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

യുജിസി ചട്ട പ്രകാരം അസിസ്റ്റന്റ് പൊഫസര്‍ തസ്തികയിലേയ്ക്ക് ഉള്ള യോഗ്യതയായി ഗവേഷണ ബിരുദവും എട്ടുവര്‍ഷത്തെ അധ്യാപന പരിചയവും എട്ടില്‍ കുറയാത്ത ഗവേഷണ പ്രബന്ധങ്ങളും വേണം. 2012ലാണ് പ്രിയ അസിസ്റ്റന്റ് പൊഫസര്‍ ആയത്. അതിന് ശേഷം മൂന്ന് വര്‍ഷം പി.എച്ച.ഡി ചെയ്യാന്‍ അവധിയില്‍ പോയി. രണ്ട് കൊല്ലം യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് ഡയറക്ടര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷനായിരുന്നു. ഇത് രണ്ടും അധ്യാപന പരിചയമായി കാണാനാകില്ല. നാലുവര്‍ഷത്തെ പ്രവര്‍ത്തി പരിചയം മാത്രം ഉള്ള പ്രിയയെ പട്ടികയില്‍ നിന്ന് ഒഴിവാക്കണം എന്നാണ് സേവ് യൂണിവേഴ്‌സിറ്റിയും പ്രതിപക്ഷ സംഘടനകളും ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രിയയെ അസിസ്റ്റന്റ് പ്രൊഫസറാക്കാനുള്ള ശ്രമം വിവാദമായതോടെ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിസിയോട് വിശദീകരണം തേടി. വിഷയവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടത്. ഗവര്‍ണ്ണര്‍ വിശദീകരണം ചോദിച്ചത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും അധ്യാപക നിയമനത്തില്‍ സ്വതന്ത്രമായ തീരുമാനം എടുക്കാന്‍ സ്വാതന്ത്ര്യം മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു എന്നും വിസി പ്രതികരിച്ചു. ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന വിവാദങ്ങള്‍ അനാവശ്യമാണെന്ന് ഗവര്‍ണര്‍ക്ക് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.