ഗവര്‍ണര്‍മാര്‍ രാഷ്ട്രീയം പറയരുത്; ഒരു പക്ഷവും പിടിക്കുന്നത് ശരിയല്ലെന്ന് പി.എസ്. ശ്രീധരന്‍ പിള്ള

ഗവര്‍ണര്‍മാര്‍ക്ക് രാഷ്ട്രീയം പാടില്ലെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. ഗവര്‍ണര്‍ രാഷ്ട്രീയ പക്ഷം പറയുന്നത് ശരിയല്ലെന്നും അദേഹം പറഞ്ഞു. ഗോവയിലെ 426 ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച്, അവിടുത്തെ 31 വൃക്ഷങ്ങളെ കുറിച്ച് പഠനം നടത്തിയെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ ഗോവയുടെ പാരമ്പര്യ വൃക്ഷങ്ങള്‍ എന്നപേരില്‍ താന്‍ ഇംഗ്ലീഷില്‍ എഴുതുന്ന പുസ്തകം അവിടുത്തെ സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും. പുസ്തകത്തില്‍ ഓച്ചിറയിലെ പുരാതനമായ ആല്‍വൃക്ഷംകൂടി ഉള്‍പ്പെടുത്താന്‍ കഴിയുമോയെന്ന് സര്‍ക്കാറിനോട് ആരായുമെന്ന് അദേഹം പറഞ്ഞു.

പി.എസ് ശ്രീധരന്‍ പിള്ള നടത്തിയ ഗോവ ഗ്രാമ സമ്പൂര്‍ണ യാത്ര കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. ഒന്നര വര്‍ഷം നീണ്ട ഗോവന്‍ ഗ്രാമങ്ങളിലൂടെയുള്ള യാത്ര മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ മണ്ഡലത്തിലാണ് സമാപിച്ചത്. രാജ്ഭവനില്‍ നടന്ന ഔദ്യോഗിക സമാപന സമ്മേളനത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യാതിഥി ആയിരുന്നു.

15 മാസങ്ങള്‍ കൊണ്ട് ഗോവയിലെ 421 ഗ്രാമങ്ങളില്‍ ഗവര്‍ണര്‍ എത്തിയിരുന്നു. യാത്രയിലൂടെ ആയിരത്തിലധികം ഡയാലിസ്, ക്യാന്‍സര്‍ രോഗികള്‍ക്കായി 2.75 കോടി രൂപയാണ് അദ്ദേഹം സമാഹരിച്ചത്. തന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ലഭിക്കുന്ന പണവും ഗവര്‍ണര്‍ രോഗികള്‍ക്കായി മാറ്റിവെച്ചു. പര്യടനത്തിടെ 91 എന്‍.ജി.ഒ സംഘടനകള്‍ക്ക് സാമ്പത്തിക സഹായവും ഗവര്‍ണര്‍ ഉറപ്പു വരുത്തിയിരുന്നു.