ഉന്തിയ പല്ലിന്റെ കാരണം പറഞ്ഞ് ആദിവാസി യുവാവിന് പിഎസ്സി ജോലി നിഷേധിച്ചു. അട്ടപ്പാടിയിലെ ആനവായ് ഊരിലെ മുത്തുവിനാണ് സര്‍ക്കാര്‍ ജോലി പിഎസ്സി നിഷേധിച്ചത്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പരീക്ഷ പാസായി അഭിമുഖം വരെ എത്തിയ ശേഷമാണ് പല്ലിന്റെ പേരില്‍ ജോലി നഷ്ടപ്പെട്ടതെന്ന് മുത്തു വ്യക്തമാക്കി. ചെറുപ്പത്തില്‍ വീണതിനെ തുടര്‍ന്നാണ് പല്ലിന് തകരാര്‍ വന്നത്. പണമില്ലാത്തതിനാല്‍ ചികിത്സിക്കാനായില്ലെന്നും മുത്തു പറഞ്ഞു. തനിക്ക് ജോലി നിഷേധിച്ചതില്‍ സങ്കടമുണ്ടെന്നും മുത്തു പറഞ്ഞു.
Read more
പിഎസ്സിയുടെ ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല. എഴുത്തുപരീക്ഷ വിജയിച്ച് കായികക്ഷമതയും തെളിയിച്ച ശേഷമാണ് മുത്തുവിന് ജോലി നിഷേധിച്ചത്. അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലേക്ക് സംവരണം ചെയ്തിരിക്കുന്ന തസ്തികയിലേക്കാണ് ജോലി നിഷേധിക്കപ്പെട്ടത്. അട്ടപ്പാടിയിലെ മുക്കാലിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് മുത്തുവിന്റെ വീട്. പരിമിതമായ സാഹചര്യങ്ങളില്‍ നിന്ന് പൊരുതി നേടിയ ജോലിയാണ് മുത്തുവിന് ഒടുവില്‍ നഷ്ടപ്പെട്ടത്. പിഎസ്സി നോട്ടിഫിക്കേഷന്‍ അനുസരിച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് ഉന്തിയ പല്ല് , കൊമ്പല്ല് എന്നിവ അയോഗ്യതയാണ്. മുത്തുവിന്റെ കാര്യം പി.എസ്.സി ചെയര്‍മാന്റെ ശ്രദ്ധയില്‍ വിഷയം പെടുത്തുമെന്ന് മണ്ണാര്‍ക്കാട് എം.എല്‍.എ എന്‍. ഷംസുദ്ദീന്‍ പറഞ്ഞു.