വിനായകന്‍ നാടിന്റെ പൊതുസ്വത്ത്, മര്യാദ പാലിക്കണം; വിഷയം ജാതി കൊണ്ട് അടയ്ക്കേണ്ടതില്ല; തള്ളിപ്പറഞ്ഞ് കെപിഎംഎസ്

പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചതിന് അറസ്റ്റിലായ നടന്‍ വിനായകനെ തള്ളിപ്പറഞ്ഞ് കെപിഎംഎസ്. വിനായകനെ പോലുള്ളവര്‍ സമൂഹത്തിന്റെ പൊതു സ്വത്താണെന്നും വിഷയം ജാതി കൊണ്ട് അടയ്ക്കേണ്ടതില്ലെന്നും കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ വ്യക്തമാക്കി. ഇത്തരക്കാര്‍ പൊതുവിടങ്ങളില്‍ പാലിക്കേണ്ട മര്യാദകളുണ്ട്, അത് പാലിക്കുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.

വിനായകന്റെ പെരുമാറ്റ രീതിയെയും പൊലീസ് നടപടിയെയും അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങള്‍ നടക്കവെയാണു കെപിഎംഎസിന്റെ പ്രതികരണം. ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോടു മോശമായി പെരുമാറിയ സംഭവത്തില്‍, വിധേയമാക്കപ്പെട്ട ആളുടെ മനോഗതി പോലെയിരിക്കുമെന്നു പുന്നല ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി.

രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ശരിയായ സ്ഥിതിവിവര കണക്കുകള്‍ ലഭിക്കാന്‍ ജാതി സെന്‍സസ് ഉപകാരമാണെന്നും ഇടതു സര്‍ക്കാര്‍ ജാതി സെന്‍സസ് നടപ്പാക്കിയില്ലെങ്കില്‍ പിന്നാക്ക വിഭാഗങ്ങളുടെ വിചാരണയ്ക്ക് വിധേയമാകുമെവന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.