നിലമ്പൂരിലെ 'ശകുനി' പി വി അന്‍വറിന്റെ ജോയി സ്‌നേഹം കോണ്‍ഗ്രസിനെ കുരുക്കിലാക്കി സീറ്റ് ഉറപ്പാക്കാനോ?; പിന്‍വാതിലിലൂടെ യുഡിഎഫിലേക്കോ പഴയ തട്ടകത്തിലേക്കോ?

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ആരാകും സ്ഥാനാര്‍ത്ഥിയെന്ന കാര്യത്തില്‍ ഇടത്- വലത് ക്യാമ്പുകളില്‍ നിന്ന് പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. പക്ഷേ സാധ്യത കല്‍പ്പിക്കപ്പെടുന്നവരുടെ പേരില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നുണ്ട്. എന്നാല്‍ ഈ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടൊരു നിര്‍ദ്ദേശം പി വി അന്‍വറെന്ന മുന്‍ നിലമ്പൂര്‍ എംഎല്‍എ ആദ്യം തന്നെ നടത്തിയതിന് പിന്നാലെയാണ് വിഎസ് ജോയ് എന്ന പേര് സ്ഥാനാര്‍ത്ഥി ചര്‍ച്ചയില്‍ ഇടം പിടിച്ചത്. മറ്റൊരു പേരും ഉയര്‍ന്നുവരാതിരിക്കാന്‍ ആദ്യം തന്നെ കോണ്‍ഗ്രസിന്റെ ഡിസിസി പ്രസിഡന്റിന്റെ പേര് എറിഞ്ഞുകൊടുത്ത തന്ത്രം.

പിണറായി വിജയനെ എല്ലാം എല്ലാം എന്ന് വിശേഷിപ്പിച്ച് പ്രതികരണങ്ങള്‍ നടത്തി തുടങ്ങി ഒടുവില്‍ ആഭ്യന്തരവകുപ്പിനേയും മുഖ്യമന്ത്രിയേയും വെട്ടിലാക്കാന്‍ നോക്കിയ ഇടത് സ്വതന്ത്ര എംഎല്‍എ ചാടിച്ചാടി ഒടുവില്‍ തൃണമൂല്‍ കോണ്‍ഗ്രസിലാണ് ഇപ്പോള്‍. കോണ്‍ഗ്രസുകാരനായി തുടങ്ങി പിന്നീട് കോണ്‍ഗ്രസ് തട്ടകം പിടിച്ചെടുത്ത് ഇടത്തേയ്ക്കാക്കിയ പി വി അന്‍വര്‍ ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രിയ്ക്ക് വേണ്ടി പടനയിക്കുന്ന കടന്നല്‍ സംഘമായതിന് ശേഷമാണ് വിവാദങ്ങളുടെ അകമ്പടിയോടെ ഇടത് പക്ഷത്ത് നിന്ന് പുറത്തായത്. പിന്നീട് ഹീറോ വര്‍ഷിപ്പിന്റെ പുത്തന്‍ വേര്‍ഷനുമായി പൊലീസിലെ പുഴുക്കുത്തല്‍ ചൂണ്ടിക്കാട്ടി തിരുത്തല്‍ശക്തിയാണ് താനെന്ന തോന്നലുണ്ടാക്കാന്‍ യത്‌നിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെ ചീത്തവിളിച്ചതോടെ ‘വിപ്ലവ’ പോരാളിയായി ആളുകള്‍ കാണുമെന്ന തോന്നലില്‍ ഇടത്ത് നിന്ന് പോരാട്ടം നടത്താന്‍ ഡിഎംകെ എന്ന പാര്‍ട്ടിയുണ്ടാക്കി.

തമിഴ്‌നാട്ടിലെ ഡിഎംകെ എന്ന തോന്നലുണ്ടാക്കി ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ കേരള എന്ന പേരുമിട്ട് യഥാര്‍ത്ഥ ഡിഎംകെയുമായി സഖ്യചര്‍ച്ച നടത്തിയെങ്കിലും എംകെ സ്റ്റാലിനും ടീമും അടുപ്പിച്ചില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ആരെയെങ്കിലും പേടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ലെന്ന് കണ്ടപ്പോള്‍ പിന്‍വലിച്ചു. ഇടതുപക്ഷം അടുപ്പിക്കില്ലെന്ന് അറിയാവുന്നത് കൊണ്ട് അവരെ പാഠംപഠിപ്പിക്കാന്‍ താനേ ഉള്ളുവെന്ന് തോന്നിപ്പിച്ച് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കലായിരുന്നു അടുത്ത തന്ത്രം. വലിയ രീതിയില്‍ ഇതൊന്നും ഏറ്റില്ലെന്ന് കണ്ടതോടെ ഏതെങ്കിലും മുന്നണിയിലും പാര്‍ട്ടിയിലും കയറിപ്പറ്റാന്‍ നെട്ടോട്ടമായി. ഒടുവില്‍ കേരളത്തിലേക്ക് ഒഴുകിയെത്തുന്ന ബംഗാളികളെ കണ്ടു പുത്തന്‍പ്രതീക്ഷയില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് കൈകൊടുത്തു. കേരള ഡിഎംകെയെ ദീദിയുടെ പാര്‍ട്ടിയില്‍ ലയിപ്പിച്ചു തൃണമൂല്‍ കോണ്‍ഗ്രസിന്റെ കേരളത്തിലെ കയ്യാളായി.

തൃണമൂലില്‍ ചേര്‍ന്ന് എംഎല്‍എ സ്ഥാനം രാജിവെച്ചതോടെ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. നിലമ്പൂരില്‍ നിന്ന് ഒരിക്കല്‍ തോറ്റാല്‍ പഴയ പ്രതാപം ഇനിയൊരിക്കലും കിട്ടില്ലെന്ന ബോധ്യത്തില്‍ യുഡിഎഫിലേക്കും അതുവഴി കോണ്‍ഗ്രസിലേക്ക് പാലമിട്ടു വരുന്ന 2026 തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പി വി അന്‍വറിന്റെ നീക്കം. ഡിസിസി പ്രസിഡന്റ് വിഎസ് ജോയിയെ നിലമ്പൂരില്‍ മല്‍സരിപ്പിച്ച് ജയിപ്പിക്കാമെന്ന നിര്‍ദേശം പി വി അന്‍വര്‍ ആദ്യം മുന്നോട്ട് വെച്ചത് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചെങ്കിലും പാര്‍ട്ടിയ്ക്കുള്ളില്‍ ചര്‍ച്ചകള്‍ക്ക് അത് കാരണമായി.

കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായിരുന്ന നിലമ്പൂര്‍ ആര്യാടന്‍ മുഹമ്മദ് തുടര്‍ച്ചയായി 30 വര്‍ഷത്തോളം എംഎല്‍എയായിരുന്ന ഇടമാണ്. 2016ല്‍ ആര്യാടന്‍ മുഹമ്മദ് മണ്ഡലത്തില്‍ നിന്ന് മല്‍സരം നിര്‍ത്തിയതോടെയാണ് പി വി അന്‍വന്‍ കോണ്‍ഗ്രസ് കോട്ട പിടിച്ചെടുത്തത്. രണ്ട് തവണ ഇടത് സ്വതന്ത്രനായി ജയിച്ച അന്‍വര്‍ ഇന്ന് ഇടതുപക്ഷത്തിനെതിരെ നില്‍ക്കുമ്പോള്‍ ലക്ഷ്യം വലതുകോട്ടയില്‍ കയറിപ്പറ്റുകയാണ്. പാലക്കാട് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പ്രതിപക്ഷനേതാവിനോടു മാപ്പപേക്ഷിച്ച് യുഡിഎഫിനു നിരുപാധിക പിന്തുണ നല്‍കേണ്ടിവന്ന സ്ഥിതിയിലേക്ക് മാറിയ അന്‍വര്‍ നിലമ്പൂരില്‍ മുന്നും പിന്നും നോക്കാതെ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് വിഎസ് ജോയിയുടെ പേര് ചര്‍ച്ചയ്ക്കും വെച്ചു.

അന്ന് മാപ്പും പിന്തുണയും സ്വീകരിച്ചെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് വഴി യുഡിഎഫില്‍ കയറിപ്പറ്റാനുള്ള അന്‍വറിന്റെ ശ്രമം ഇതുവരേയും വിജയിച്ചിട്ടില്ല. അത് നിലമ്പൂരില്‍ വി എസ് ജോയിയെ നിര്‍ത്തി തോല്‍പ്പിച്ച് 2026ലെ തിരഞ്ഞെടുപ്പില്‍ താന്‍ മാത്രം നിന്നാലെ സീറ്റ് പിടിച്ചെടുക്കാനാകൂ എന്ന് പറയിപ്പിക്കാനുള്ള അന്‍വറിന്റെ അടവായി കാണുന്നവരുമുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ ഒരു തോല്‍വിയുണ്ടായാല്‍ യുഡിഎഫിലേക്ക് ഒരു വഴി തുറന്നുകിട്ടുമെന്നും കോണ്‍ഗ്രസിനെ പ്രീണിപ്പിച്ചു നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാം വരും നിയമസഭാ തിരഞ്ഞെടുപ്പിലെന്നും അന്‍വര്‍ കരുതുന്നുണ്ട്. വിഎസ് ജോയിയെന്ന ക്രിസ്ത്യന്‍ പേരുകാരന്‍ നിലമ്പൂരില്‍ പരാജയപ്പെട്ടാല്‍ അതിന്റെ പാപഭാരം ലീഗിന്റെ തലയിലാക്കാമെന്ന കുതന്ത്രവും അന്‍വറിനുണ്ട്. ഒപ്പം വിഎസ് ജോയിയ്ക്ക് അപ്പുറം നിലമ്പൂരില്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ആര്യാടന്‍ ഷൗക്കത്തിനെ വെട്ടാനാണ് ജോയിയുടെ പേര് ആദ്യം തന്നെ പറഞ്ഞു കോണ്‍ഗ്രസിനുള്ളില്‍ ഒരു ചര്‍ച്ചയ്ക്ക് അന്‍വര്‍ വഴി തെളിച്ചത്.

മൂന്ന് പതിറ്റാണ്ടിലേറെ നിലമ്പൂരിനെ പ്രതിനിധീകരിച്ച ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയാകുന്നത് പി വി അന്‍വറിന് സഹിക്കില്ല. ഒന്ന് കാലങ്ങളായി നില്‍ക്കുന്ന ഇരുവര്‍ക്കും ഇടയിലെ പ്രശ്‌നം അന്‍വറിന്റെ ഇരട്ടത്താപ്പിനെ ഷൗക്കത്ത് ചോദ്യം ചെയ്യുകയും തുറന്നുകാട്ടുകയും ചെയ്തുവെന്നുള്ളതാണ്. നിലമ്പൂരില്‍ ഇറങ്ങാനും സീറ്റ് പിടിക്കാനും നിലവിലെ സാഹചര്യത്തില്‍ അന്‍വര്‍ ശ്രമിക്കാത്തത് ആര്യാടന്‍ ഷൗക്കത്ത് മുന്നിട്ടിറങ്ങി തോല്‍പ്പിക്കും എന്ന ഭയത്തിലാണ്. അതുപോലെ ഷൗക്കത്ത് നിലമ്പൂര്‍ പിടിച്ചാല്‍ പിന്നൊരിക്കല്‍ യുഡിഎഫിനുള്ളില്‍ കയറിപ്പറ്റിയാലും നിലമ്പൂര്‍ സീറ്റ് കിട്ടാക്കനിയാകും. രാഷ്ട്രീയ കുടുംബ പാരമ്പര്യവും സീനിയോററ്റിയും മുന്‍കാല പ്രവര്‍ത്തനങ്ങളും അനുകൂല ഘടങ്ങളായി ആര്യാടന്‍ ഷൗക്കത്തിനുണ്ട്. ഷൗക്കത്തിനായി എ ഗ്രൂപ്പ് ശക്തമായിത്തന്നെ രംഗത്തുണ്ടെന്നതും നിലവില്‍ എ ഗ്രൂപ്പിനെ പിണക്കാന്‍ വി ഡി സതീശന്‍ തയ്യാറല്ലെന്നതും ചേര്‍ത്ത് വായിക്കണം. ഈ സാഹചര്യത്തിലാണ് അവിടെ പാളയത്തില്‍ പടയുണ്ടാക്കാന്‍ അന്‍വര്‍ വിഎസ് ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്ന് പറഞ്ഞത്.

ഇനി നിലമ്പൂര്‍ പോയാല്‍ തവനൂരില്‍ കെടി ജലീലിന്റെ സീറ്റിലേക്ക് യുഡിഎഫ് ക്യാമ്പില്‍ നിന്നൊരു മല്‍സരത്തിനും അന്‍വര്‍ ലക്ഷ്യമിടുന്നുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണച്ച് ശക്തമായി രംഗത്തിറങ്ങുകവഴി മുന്നണിയുമായി അടുക്കാനും രാഷ്ട്രീയമായി പ്രസക്തി നിലനിര്‍ത്താനും കഴിയുമെന്നതും നിലമ്പൂര്‍ സീറ്റിലുടക്കി മുന്നണിപ്രവേശനം തടസപ്പെടരുതെന്നുള്ളതുമാണ് സീറ്റിലേക്കുള്ള അവകാശവാദം അന്‍വര്‍ ഉപേക്ഷിച്ചതിന് പിന്നില്‍. വിഎസ് ജോയിക്ക് സ്ഥാനാര്‍ഥിത്വം നല്‍കിയാല്‍ അന്‍വറിന് വഴങ്ങിയിട്ടാണെന്ന ആക്ഷേപമുയരുമെന്നതിനാല്‍ കോണ്‍ഗ്രസ് പലകുറി ആലോചിച്ചു മാത്രമേ തീരുമാനത്തിലെത്തു. വിഎസ് ജോയിയും സാമുദായിക സമവാക്യങ്ങളുമെല്ലാം കോണ്‍ഗ്രസ് ചര്‍ച്ചയില്‍ നിര്‍ണായകമാകും. വി എസ് ജോയിയെ നിര്‍ത്തി ജയിച്ചാലും തോറ്റാലും അത് തനിക്ക് അനുകൂലമാക്കി ഉപയോഗിക്കാന്‍ പാകത്തിന് തന്ത്രപരമായി നീക്കങ്ങള്‍ നടത്തിയിട്ടുണ്ട് അന്‍വര്‍. അന്‍വറിന്റെ ലക്ഷ്യമറിഞ്ഞാകുമോ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയവും തന്ത്രവുമെന്നതാണ് ഇനി അറിയാനുള്ളത്.

Read more