പി വി അന്‍വര്‍ കോൺഗ്രസിലേക്ക്? കെപിസിസി രാഷ്ട്രീയകാര്യ സമിതി അടിയന്തര യോഗം ഉടൻ

അറസ്റ്റിലായ പി വി അന്‍വര്‍ എംഎല്‍എ കോൺഗ്രസിലേക്കെന്ന അഭ്യൂഹങ്ങൾക്കിടെ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ചേരും. അൻവറിന്റെ കോൺഗ്രസ് പ്രവേശനമടക്കം ചർച്ച ചെയ്യാനാണ് കെപിസിസി അടിയന്തര യോഗം ചേരുന്നത്. ഈ മാസം 12 ന് ഇന്ദിരാഭവനില്‍ വച്ചാണ് യോഗം.

നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനൊപ്പം പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ചും ഇതോടെ ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കുമെന്നാണ് വിവരം. പി വി അന്‍വറിന് പിന്തുണയറിച്ച് യുഡിഎഫ് നേതാക്കളെല്ലാം രംഗത്തെത്തിയിട്ടുണ്ട്. തൊട്ട് പിന്നാലെയാണ് അന്‍വറിന്റെ യുഡിഎഫ് പ്രവേശന ചര്‍ച്ചകള്‍ സജീവമായത്.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത പരാമര്‍ശം നടത്തിയ അന്‍വറിനെ യുഡിഎഫിലേക്ക് എടുക്കുന്നതില്‍ പലനേതാക്കളും അതൃപ്തി പങ്കുവെച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിനെതിരെ നിരന്തരം സമരം പ്രഖ്യാപിക്കുകയും നിലവില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള വിവാദം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അന്‍വറിനെ ഒപ്പം നിര്‍ത്തണമെന്ന അഭിപ്രായ ഐക്യം യുഡിഎഫില്‍ രൂപപ്പെടുകയായിരുന്നു.

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവത്തിലാണ് പി.വി. അന്‍വര്‍ എംഎല്‍എയെ അറസ്റ്റിലായത്. പി വി അൻവറിനെ റിമാന്‍ഡ് ചെയ്തു. ഇന്നു പുലര്‍ച്ചെ 2.30 തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു. സംഭവത്തില്‍ അന്‍വര്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പി.വി. അന്‍വറാണ് കേസിലെ ഒന്നാം പ്രതി. കുറ്റിപ്പുറം ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് അദേഹത്തെ തവനൂര്‍ ജയില്‍ അടച്ചത്.