കോളജ് പ്രിന്‍സിപ്പല്‍ നിയമനത്തില്‍ ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് മന്ത്രി ആര്‍ ബിന്ദു; യുജിസി ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ല, അന്തിമ പട്ടിക തയ്യാറായിട്ടില്ലെന്നും മന്ത്രി

കോളജ് പ്രിന്‍സിപ്പല്‍ നിയമനത്തില്‍ ഇടപെട്ടു എന്ന വാദം അടിസ്ഥാനരഹിതമാണെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. സര്‍ക്കാര്‍ കോളേജുകളിലെ പ്രിന്‍സിപ്പല്‍ നിയമനത്തില്‍ യു.ജി.സി. ചട്ടങ്ങളോ സ്‌പെഷ്യല്‍ റൂള്‍സ് നിബന്ധനകളോ ലംഘിച്ചിട്ടില്ലെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു വിശദീകരിച്ചു. യുജിസി ചട്ടങ്ങള്‍ ലംഘിക്കുന്നതിനോ സ്‌പെഷല്‍ റൂള്‍സിലെ നിബന്ധനകള്‍ ലംഘിക്കുന്നതിനോ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. അന്തിമ പട്ടിക എവിടേയും തയ്യാറാക്കിയിട്ടില്ല. നേരത്തെ തന്നെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ മുന്‍പില്‍ ചില പരാതികള്‍ എത്തിയിരുന്നു. ഇതില്‍ ചില ഇടക്കാല കോടതി വിധികള്‍ ഉണ്ടായിരുന്നു. ഇതെല്ലാം പരിശോധിച്ചതിനുശേഷം മാത്രമേ ലിസ്റ്റ് അംഗീകരിക്കൂ എന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിക്കോ സര്‍ക്കാരിനോ നിയമനവുമായി ബന്ധപ്പെട്ടു പ്രത്യേക താല്‍പര്യമില്ലെന്നും പരാതിക്കിടയാക്കാത്ത രീതിയില്‍ പ്രിന്‍സിപ്പല്‍ നിയമനം നടത്താനാണു ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഓരോ കോളേജിനേയും പ്രത്യേക സ്ഥാപനങ്ങളായി കണ്ട് നിയമനം നടത്തണമെന്നാണ് യു.ജി..സി നിബന്ധനയെന്നും മന്ത്രി പറഞ്ഞു. പരിശോധനയ്ക്ക് ശേഷം തയ്യാറാക്കി എന്ന് പറയപ്പെടുന്ന ലിസ്റ്റ് കണ്ടിട്ടു പോലും ഇല്ല എന്ന് പറഞ്ഞ മന്ത്രി, നിയമനവുമായി ബന്ധപ്പെട്ട് പുറത്തു വന്ന വാര്‍ത്തകളൊന്നും ശരിയല്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു.

ഓരോ കോളേജിനേയും ഓരോ യൂണിറ്റായി പരിഗണിച്ചു കൊണ്ടുള്ള നിയമന രീതിയാണ് യു.ജി.സി. ചട്ടങ്ങളില്‍ പരാമര്‍ശിക്കുന്നത്. യു.ജി.സി. ചട്ടപ്രകാരമുള്ള ക്വാളിഫിക്കേഷന്‍ ഉള്ള അധ്യാപകരുടെ ലിസ്റ്റില്‍ നിന്ന് സീനിയോറിറ്റി പ്രകാരം ലിസ്റ്റ് തയ്യറാക്കുക എന്നതാണ് സ്വീകരിച്ചു പോകുന്ന രീതി. ഇത് പ്രകാരം സര്‍ക്കാര്‍ കോളേജുകളില്‍ 55 ഒഴിവുകളിലേക്ക് സെലക്ഷന്‍ നടത്തുകയും ആദ്യഘട്ടത്തില്‍ 67 പേരുടെ ലിസ്റ്റ് തയ്യാറാക്കുകയും ചെയ്തു. പിന്നീട് സബ് കമ്മിറ്റി ചേര്‍ന്ന് 67 പേരുടെ ലിസ്റ്റില്‍ നിന്ന് 43 ആക്കി ചുരുക്കി. ഈ ലിസ്റ്റ് സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ ഉയര്‍ന്നു. തുടര്‍ന്ന് കമ്മിറ്റിയെ നിയമിച്ച് തുടര്‍നടപടി വേണമെന്ന് നിര്‍ദേശിച്ചു.

55 പോസ്റ്റുകളിലേക്കാണ് പ്രിന്‍സിപ്പല്‍മാരെ നിയോഗിക്കേണ്ടിയിരുന്നത്. എന്നാല്‍ 67 പേരുടെ ലിസ്റ്റ് തയ്യാറായിട്ടും 43 ആയി കുറഞ്ഞത് സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആദ്യത്തെ ലിസ്റ്റ് അന്തിമമായി അംഗീകരിച്ചിട്ടില്ല. പരിശോധനയ്ക്ക് ശേഷം തയ്യാറാക്കി എന്ന് പറയപ്പെടുന്ന ലിസ്റ്റ് താന്‍ കണ്ടിട്ട് പോലും ഇല്ലെന്നും ആര്‍ ബിന്ദു പറഞ്ഞു.

Read more

സംസ്ഥാനത്തെ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരായി നിയമിക്കേണ്ട 43 പേരുടെ പിഎസ്‌സി അംഗീകരിച്ച പട്ടിക കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ സമര്‍പ്പിച്ചപ്പോള്‍ അതിനെ കരടു പട്ടികയായി പരിഗണിച്ചാല്‍ മതിയെന്നു നിര്‍ദേശിച്ചത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു ആണെന്ന് വിവരാവകാശ രേഖയിലുണ്ടായിരുന്നു. ഈ പട്ടികയില്‍നിന്നു തഴയപ്പെട്ടവരെ കൂടി ഉള്‍പ്പെടുത്തുന്നതിന് അപ്പീല്‍ കമ്മിറ്റിയെ നിയോഗിക്കുന്നതിനു വേണ്ടിയായിരുന്നു മന്ത്രിയുടെ ഇടപെടലെന്നാണ് ആക്ഷേപം.