കണ്ണൂരിൽ നിന്ന് കോൺഗ്രസിന്റെ അമരത്തേക്ക് കടന്ന് വരുന്ന കെ. സുധാകരൻ തീക്കടൽ നീന്തിയാണ് നേതൃപദവിയിലേക്കെത്തുന്നതെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തില്‍. കമ്മ്യൂണിസ്റ്റ് അക്രമങ്ങളോട് എതിരിട്ട് രാഷ്ട്രീയ പ്രവർത്തനം നടത്തിയ സുധാകരന്റെ പരിചയവും പ്രാപ്തിയും സംസ്ഥാന കോൺഗ്രസിന് നൽകുന്ന ഉണർവ്വ് ചെറുതല്ലെന്നും രാഹുൽ മാങ്കൂട്ടത്തില്‍ ഫെയ്സ്ബുക്കിൽ കുറിച്ചു. കോൺഗ്രസ് വർക്കിംഗ് പ്രസിഡണ്ടുമാരായി സ്ഥാനമേൽക്കുന്ന കൊടിക്കുന്നിൽ സുരേഷ്, പി.ടി തോമസ്, ടി. സിദ്ദീഖ് എന്നിവർക്കും രാഹുൽ കുറിപ്പിൽ ആശംസകൾ നേർന്നു.
കുറിപ്പിന്റെ പൂർണരൂപം:
കെ.പി സി സി യുടെ അദ്ധ്യക്ഷനായി കെ.സുധാകരൻ അധികാരമേൽക്കുകയാണ്. സി.കെ.ജിക്ക് ശേഷം കണ്ണൂരിൽ നിന്ന് കോൺഗ്രസിന്റെ അമരത്തേക്ക് കടന്ന് വരുന്ന സുധാകരൻ തീക്കടൽ നീന്തിയാണ് നേതൃപദവിയിലേക്കെത്തുന്നത്. മടവാള് കൊണ്ട് വെട്ടിയാലും മുറിയാത്ത ധൈര്യത്തിന്റെയും സ്ഥൈര്യത്തിന്റെയും പ്രതിരൂപം, കമ്യൂണിസ്റ്റ് അക്രമങ്ങളോട് എതിരിട്ട് രാഷ്ട്രീയ പ്രവർത്തനം നടത്തിയ സുധാകരന്റെ പരിചയവും പ്രാപ്തിയും സംസ്ഥാന കോൺഗ്രസിന് നൽകുന്ന ഉണർവ്വ് ചെറുതല്ല. താൽക്കാലികമായി സംഭവിച്ച തിരിച്ചടിയിൽ നിന്നും തിരികെ വരാൻ കെ.സുധാകരന്റെ സ്ഥാനലബ്ധി കാരണമാവട്ടെ.
സംസ്ഥാന അദ്ധ്യക്ഷനോടൊപ്പം തോൾ ചേർന്ന് പ്രവർത്തിക്കാനായി മൂന്ന് പേരെയാണ് ഹൈക്കമാന്റ് നിയോഗിച്ചിരിക്കുന്നത്. ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും നീലപ്പതാകയേന്തി വിദ്യാർത്ഥി കാലഘട്ടം ത്രസിപ്പിച്ച കൊടിക്കുന്നിൽ സുരേഷ്. ഒരു സമൂഹത്തിന്റെ ശബ്ദമായി പാർലമെന്റിൽ മുഴങ്ങുന്ന കൊടിക്കുന്നിൽ സംസ്ഥാന കോൺഗ്രസിന്റെ മുന്നേറ്റത്തിന് മുന്നിൽ നിൽക്കേണ്ട മുഖങ്ങളിൽ പ്രധാനമാണ്.
നിലപാട് എന്ന നാലക്ഷരത്തിന് കേരളത്തിലൊരു പര്യായമുണ്ടെങ്കിൽ അത് പി.ടി യെന്ന രണ്ടക്ഷരമാണ്. കാടും മേടും സംരക്ഷിക്കാൻ തന്റെ ജനതയോട് ദീർഘവീക്ഷണത്തോടെ സംസാരിച്ച നേതാവ്, തന്റെ നിലപാടുകൾ കൊണ്ട് നഷ്ടമുണ്ടായപ്പോഴൊക്കെ താൻ പറയുന്ന ഓരോ വാക്കും നോക്കും ഈ നാടിന് വേണ്ടിയാണെന്ന ഉറപ്പായിരുന്നു പി.ടി തോമസിന്റെ വാക്കിന്റെ കരുത്ത്.
സമീപ കാല കോൺഗ്രസ് രാഷ്ട്രീയത്തിൽ കഠിനാധ്വാനം കൊണ്ട് നേതൃപദവിയിലേക്കെത്തിയ യുവ നേതാവാണ് സിദ്ദീഖ്. സിദ്ദീഖിനോളം ആവേശം സൃഷ്ടിക്കുന്ന മറ്റൊരു യുവ രക്തങ്ങൾ കുറവാണ്, അദ്ദേഹത്തിന്റെ കർമ്മശേഷിയും നേതൃഗുണവും കോൺഗ്രസിന്റെ തിരിച്ചു വരവിന് മുതൽക്കൂട്ടാണ്.
Read more
കെ.സുധാകരനും വർക്കിംഗ് പ്രസിസണ്ടുമാരായ ത്രിമൂർത്തികളും നടത്തുന്ന പടയോട്ടത്തിൽ മൂവർണ്ണക്കൊടി വാനിലുയരെ പറക്കട്ടെ….