“ഫ്യൂസ് ഊരരുത്, പൈസ ഇവിടെ വെച്ചിട്ടുണ്ട് ഞങ്ങൾ സ്കൂളിൽ പോവുകയാണ് സാർ.” കുടിശിക ഉള്ളതുകൊണ്ട് വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ പത്തനംതിട്ട കോഴഞ്ചേരിയിലെ വീട്ടിലെത്തിയ കെഎസ്ഇബി ജീവനക്കാരുടെ കണ്ണുനനയിച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.
സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ട് തന്നെ ഈ വീട്ടിൽ ഇടയ്ക്ക് വൈദ്യുതി ബന്ധം വിച്ഛേദിക്കേണ്ടി വന്നിട്ടുണ്ടെന്നും, ഇന്ന് ചെന്നപ്പോഴാണ് ഇത്തരമൊരു കുറിപ്പും അതിന്റെ പുറകിൽ വൈദ്യുത കുടിശ്ശികയായ 461 രൂപയും വെച്ചിരിക്കുന്നത് കണ്ടതെന്നും ലൈൻമാൻ ബിനീഷ് പറയുന്നു.
ഫ്യൂസ് ഊരുന്നതുകൊണ്ട് കൊണ്ട് തന്നെ ഏഴാം ക്ലാസിലും പ്ലസ് വണ്ണിലും പഠിക്കുന്ന പെൺകുഞ്ഞുങ്ങൾക്ക് പലപ്പോഴും ഇരുട്ടത്ത് ഇരുന്ന് പഠിക്കേണ്ടി വന്നിട്ടുണ്ടെന്നും, ഏറെ വേദനയോടെയാണ് ഇവിടുത്തെ വൈദ്യുതി പലപ്പോഴും വിച്ഛേദിച്ചിരുന്നതെന്നും ലൈൻമാൻ മാധ്യമങ്ങളോട് പറയുന്നു.
വാർത്ത പുറത്തുവന്നതിന് പിന്നാലെ കുഞ്ഞുങ്ങളുടെ അഞ്ച് വർഷത്തേക്കുള്ള വിദ്യാഭ്യാസ ചിലവും, രണ്ട് വർഷത്തേക്കുള്ള വൈദ്യുത ചാർജും ഏറ്റെടുത്തിരിക്കുകയാണ് യൂത്ത് കോൺഗ്രസ്. രാഹുൽ മാങ്കൂട്ടത്തിലാണ് സോഷ്യൽ മീഡിയയിലൂടെ ഈ വിവരം അറിയിച്ചത്. വാർത്ത കണ്ടതിന് പിന്നാലെ റിപ്പോർട്ടറെ വിളിച്ച് കുഞ്ഞുങ്ങളുടെ അച്ഛനോട് സംസാരിച്ചിരുന്നുവെന്നും, വൈദ്യുത ചാർജും വിദ്യാഭ്യാസ ചെലവും ഏറ്റെടുക്കുന്നുമാണ് രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചത്.
നിരവധി പേരാണ് കുഞ്ഞുങ്ങളുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.