രാജ്യസഭ സീറ്റ്; ഇത്തവണ മത്സരിക്കാനില്ലെന്ന് വെളിപ്പെടുത്തി പികെ കുഞ്ഞാലിക്കുട്ടി

രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി പികെ കുഞ്ഞാലിക്കുട്ടി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പികെ കുഞ്ഞാലിക്കുട്ടി. തങ്ങളോട് ആലോചിച്ച ശേഷമാണ് ഈ കാര്യം പറയുന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പല വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാല്‍, രാജ്യസഭ സംബന്ധിച്ച ചർച്ചകൾ ലീഗിൽ തുടങ്ങിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാഹുൽ ഗാന്ധി റായ്​ബറേലിയിൽ ജയിച്ചാൽ വയനാട് സീറ്റിൽ അവകാശ വാദം ഉന്നയിക്കില്ലെന്നും അക്കാര്യം നേരത്തെ തീരുമാനിച്ചതാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം രാജ്യസഭാ സ്ഥാനാർഥിയുടെ കാര്യം ചർച്ച ചെയ്യുമെന്നാണ് കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇൻഡ്യാ സഖ്യം അധികാരത്തിലെത്തുകയാണെങ്കിൽ പികെ കുഞ്ഞാലിക്കുട്ടി മത്സരിക്കണമെന്ന ആവശ്യമാണ് ഒരു വിഭാഗം മുന്നോട്ടുവെക്കുന്നത്.

പ്ലസ് വൺ സീറ്റ് വിഷയത്തിൽ പ്രക്ഷോഭം ശക്തമാക്കുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.അതേസമയം പുതുമുഖങ്ങ​ളെ പരിഗണിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഈ വിഷയത്തിൽ ലീഗിനകത്ത് തർക്കങ്ങളില്ലെന്നും തങ്ങൾ പറഞ്ഞു.