'സ്‌കൂൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് പണമില്ല, സിപിഎമ്മിനെ തീറ്റിപ്പോറ്റാൻ 27 കോടിയുടെ കേരളീയം'; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല

സർക്കാരിന്റെ കേരളീയം പരിപാടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിക്ക് പണമില്ല, എന്നാൽ സിപിഎമ്മിനെ തീറ്റിപ്പോറ്റാൻ 27 കോടിയുടെ ‘കേരളീയം’ സർക്കാർ നടത്തുകയാണെന്നും രമേശ് ചെന്നിത്തല ഫേസ്‌ബുക്ക് പോസ്റ്റിൽ വിമർശിച്ചു. മാർക്സിസ്റ്റ് പാർട്ടിക്കും പാർട്ടി പ്രവർത്തകർക്കും പണമില്ലാതാകുമ്പോൾ അവർക്ക് ഗുണമുണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് കേരളീയം പദ്ധതിയെന്നും ചെന്നിത്തല പോസ്റ്റിൽ പറയുന്നു.

നവംബർ ഒന്ന് മുതൽ ഏഴ് വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം പരിപാടി ഒരു തട്ടിപ്പും പൊതുഖജനാവ് കൊള്ളയടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം കൊടുക്കാൻപോലും പണമില്ല. 5000 രൂപയിൽ കൂടുതൽ ട്രഷറിയിൽനിന്നു മാറിയെടുക്കാൻ കഴിയുന്നില്ല. സംസ്ഥാനം ഗുരുതരമായ സാമ്പത്തികത്തകർച്ച നേരിടുന്ന സമയത്ത് 27 കോടി 12 ലക്ഷം രൂപ മുടക്കി ഈ കേരളീയം ആർക്ക് വേണ്ടിയാണ് നടത്തുന്നതെന്ന് രമേശ് ചെന്നിത്തല ചോദിക്കുന്നു.

സിപിഎം അനുകൂല സംഘടനകളെയും അവരുടെ സഹയാത്രികരെയും തീറ്റിപ്പോറ്റുന്നതിന് വേണ്ടിയാണ് ഈ മാമാങ്കം. ധൂർത്തും അഴിമതിയുമാണ് ഉദ്ദേശിക്കുന്നത്. ഈ പരിപാടികൊണ്ട് സംസ്ഥാനത്തിനും ജനങ്ങൾക്കും ഒരു പ്രയോജനവുമില്ലായെന്നും ചെന്നിത്തല പറയുന്നു. മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ടയെന്നും പോസ്റ്റിൽ പറയുന്നു.

രമേശ് ചെന്നിത്തലയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

Read more