11 വര്‍ഷത്തിന് ശേഷം കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എൻഎസ്എസ് ആസ്ഥാനത്ത് എത്തി. 148-ാമത് മന്നംജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനത്തിനായാണ് എത്തിയത്. മന്നം ജയന്തി ആഘോഷം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ ഫ്രാൻസിസ് ജോർജ് എംപി, എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ തുടങ്ങിയവർ പൊതുസമ്മേളനത്തിൽ സംസാരിക്കും.
മന്നം ജയന്തിയിലേക്ക് എൻഎസ്എസ് ക്ഷണിച്ചതിന് പിന്നാലെ രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരുന്നു. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. ശിവഗിരി തീർത്ഥാടന പദയാത്രയുമായി ബന്ധപ്പെട്ട സമ്മേളനത്തിലേയ്ക്കും എസ്എൻഡിപി രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെ സമസ്തയുടെ വേദികളിലേയ്ക്കും ചെന്നിത്തല ക്ഷണിക്കപ്പെട്ടു.
ജാമിഅഃ നൂരിയ സമ്മേളനത്തിലെ ഒരു സെഷൻ്റെ ഉദ്ഘാടകനായാണ് രമേശ് ചെന്നിത്തലയെ നിശ്ചയിച്ചിരിക്കുന്നത്. ജനുവരി നാലിന് എം കെ മുനീർ അധ്യക്ഷനാകുന്ന സെഷൻ ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ജനുവരി 11ന് മഞ്ചേരി ജാമിഅ ഇസ്ലാമിയ്യയുടെ വാർഷിക സമ്മേളനത്തിലും മുഖ്യാതിഥിയായി രമേശ് ചെന്നിത്തല പങ്കെടുക്കും.