റഷീദയെ മരണത്തിലും തനിച്ചാക്കിയില്ല മുഹമ്മദ് കുഞ്ഞ്; ആലപ്പുഴയില്‍ ഭാര്യയുടെ സംസ്‌കാരത്തിനിടെ ഭര്‍ത്താവ് കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ അമ്പലപ്പുഴയില്‍ ഭാര്യ മരിച്ച് മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ഭര്‍ത്താവും മരണത്തിന് കീഴടങ്ങി. കാക്കാഴം മിശ്രിയ മന്‍സിലില്‍ റഷീദ(60) കുഴഞ്ഞുവീണ് മരിച്ച് മണിക്കൂറുകള്‍ പിന്നിട്ടപ്പോഴാണ് ഭര്‍ത്താവ് മുഹമ്മദ് കുഞ്ഞും(65) കുഴഞ്ഞുവീണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോടെ ആയിരുന്നു റഷീദ കുഴഞ്ഞു വീണത്.

റഷീദയെ ഉടന്‍തന്നെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റഷീദ മരണപ്പെട്ടതോടെ മുഹമ്മദ് കുഞ്ഞ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

ഇന്ന് രാവിലെ റഷീദയുടെ മൃതദേഹം സംസ്‌കരിക്കാന്‍ എടുക്കുന്നതിനിടെ മുഹമ്മദ് കുഞ്ഞ് കുഴഞ്ഞുവീണു. ഇതേ തുടര്‍ന്ന് ഉടന്‍തന്നെ മുഹമ്മദ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.