വയനാട്ടിലേത് ഭൂചലനമല്ല; ആശങ്ക വേണ്ടെന്ന് സീസ്മോളജി സെന്‍റര്‍ ഡയറക്ടർ, പാലക്കാടും കോഴിക്കോടും പ്രകമ്പനം

വയനാട്ടിലേത് ഭൂചലനമല്ലെന്ന് ഔദ്യോഗിക വിശദീകരണം. ഭൂകമ്പമാപിനിയിൽ ഭൂചലനം രേഖപ്പെടുത്തിയില്ലെന്ന് നാഷണൽ സീസ്മോളജി സെന്ററർ വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സീസ്മോളജി സെന്‍റര്‍ ഡയറക്ടർ ഒ.പി മിശ്ര അറിയിച്ചു. നിലവിൽ ഭൂകമ്പ സൂചനകൾ ഇല്ലെന്ന് ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.

ഭൂമിയ്ക്ക് അടിയിലെ പാളികളുടെ നീക്കമാകാം ശബ്ദത്തിന് കാരണമെന്നും സീസ്മോളജി സെന്ററർ ഡയറക്ടർ അറിയിച്ചു. ഉരുൾപൊട്ടലിന് ശേഷം ഭൂമിയ്ക്കടിയിൽ ഇത്തരം നീക്കങ്ങൾ ഉണ്ടാകാറുടെന്നും ആവർത്തിച്ച് മുഴക്കമുണ്ടായാൽ ജാഗ്രത വേണമെന്നും ഡയറക്ടർ അറിയിച്ചു. കേരളത്തില്‍ സ്ഥാപിച്ച ഭൂകമ്പമാപിനിയിലെവിടെയും ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല. 24മണിക്കൂറും കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

അതിനിടെ വയനാട്ടിലേതിന് സമാനമായ പ്രകമ്പനം പാലക്കാടും കോഴിക്കോടും അനുഭവപ്പെട്ടു. ഭൂമിക്കടിയിൽ നിന്നും വലിയ ശബ്ദവും പ്രകമ്പനവും ഉണ്ടായി. എന്നാൽ ഈ പ്രകമ്പനങ്ങളും ഉരുള്‍പൊട്ടലിനുശേഷമുണ്ടാകുന്ന ഭൂമി പാളികളുടെ നീക്കമാണെന്നും സെന്‍റര്‍ അധികൃതര്‍ വ്യക്തമാക്കി. ഭൂമി പാളികളുടെ നീക്കത്തിനിടയില്‍ കുലുക്കവും ശബ്ദവും ഉണ്ടാകുന്നത് സ്വഭാവികമാണെന്നുമാണ് അധികൃതര്‍ വിശദീകരിക്കുന്നത്.