കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തില്‍ കേരള- തമിഴ്‌നാട് തീരത്ത് പുറപ്പെടുവിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ച് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. പകരം കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന ഉഷ്ണതരംഗ മുന്നറിപ്പും പിന്‍വലിച്ചിട്ടുണ്ട്.

അതേസമയം ചൂടേറിയതും അസ്വസ്ഥതയേറിയതുമായ അന്തരീക്ഷ സ്ഥിതി തുടരും. ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഇന്ന് രാത്രി താപനില മുന്നറിയിപ്പുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ (05-05-2024) രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ അതിതീവ്രതിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

തെക്കന്‍ തമിഴ്നാട് തീരത്ത് തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ (05-05-2024) രാത്രി 11.30 വരെ 0.5 മുതല്‍ 1.8 മീറ്റര്‍ വരെ അതിതീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്.