ഒഡീഷയില്‍ നിന്ന് കുടുംബമായി കേരളത്തിലെത്തി ലഹരി വില്‍പ്പന നടത്തുന്ന സംഘം ആലുവയില്‍ പിടിയിലായി. നാല് കിലോഗ്രാം കഞ്ചാവും 855 ഗ്രാം ഹാഷിഷ് ഓയിലുമായി ഒഡീഷയില്‍ നിന്നുള്ള രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ ആറ് പേര്‍ ഉള്‍പ്പെടുന്ന സംഘമാണ് പിടിയിലായത്. ഒഡീഷ കണ്ടമാല്‍ സ്വദേശിനി മമത ദിഗില്‍ ആണ് നാല് കിലോ കഞ്ചാവുമായി ആദ്യം പിടിയിലായത്.
ആലുവ പമ്പ് കവലയിലെ ഹോട്ടലില്‍ നിന്നാണ് മമത ദിഗിലിനെ പൊലീസ് പിടികൂടിയത്. ഹോട്ടലില്‍ ചായ കുടിക്കാനെത്തിയ സ്ത്രീയുടെ കൈവശം ലഹരിയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലായിരുന്നു ഇവര്‍ പിടിയിലായത്. തുടര്‍ന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് കൂടുതല്‍ പ്രതികള്‍ പിടിയിലായത്.
റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് ബാഗില്‍ ഒളിപ്പിച്ച നിലയില്‍ 855 ഗ്രാം ഹാഷിഷ് ഓയിലുമായി ഒഡീഷാ സ്വദേശികളായ ശിവ ഗൗഡ, കുല്‍ദര്‍ റാണ, ഭാര്യ മൊയ്‌ന റാണ, സഹായികളായ സന്തോഷ്‌കുമാര്‍, രാംബാബു സൂന എന്നിവര്‍ പിടിയിലായത്. ഒഡീഷയില്‍ നിന്ന് ലഹരിയുമായെത്തി കേരളത്തില്‍ വില്‍പ്പന നടത്തി ട്രെയിനില്‍ തിരികെ പോകുന്നതാണ് പ്രതികളുടെ രീതി.
Read more
പൊലീസിന് സംശയം ഉണ്ടാകാതിരിക്കാന്‍ കുടുംബ സമേതമാണ് പ്രതികള്‍ സംസ്ഥാനത്തെത്തുന്നത്. ശിവ ഗൗഢയാണ് ഇവരുടെ സംഘത്തിന്റെ തലവന്‍. പിടികൂടിയ ഹാഷിഷ് ഓയിലിന് കിലോയ്ക്ക് 25 ലക്ഷംരൂപ വിലവരുമെന്ന് പൊലീസ് അറിയിച്ചു.